ernakulam local

ബീഫ് കട്‌ലറ്റ് വിളമ്പിയെന്ന പേരില്‍ സമരം; കുസാറ്റ് കോളജ് അടച്ചിടാന്‍ തീരുമാനം

കളമശ്ശേരി: കുസാറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുട്ടനാട്ടിലെ പുളിങ്കുന്ന് എന്‍ജിനീയറിങ് കോളജില്‍ സംഘടിപ്പിച്ച സെമിനാറില്‍ ബീഫ് കട്‌ലറ്റ് വിളമ്പി എന്നാരോപിപ്പിച്ച് വിദ്യാര്‍ഥികള്‍ കുസാറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിന് മുമ്പില്‍ സമരം തുടരുന്ന സഹചര്യത്തില്‍ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ കുസാറ്റ് അധികൃതര്‍ തീരുമാനിച്ചു. ഈമാസം 24ന് നടത്തിയ സെമിനാറിലാണ് ലഘുഭക്ഷണം വിതരണം ചെയ്ത കൂട്ടത്തില്‍ ബീഫ് കട്‌ലറ്റ് വിളമ്പിയതായി ആരോപണം ഉയര്‍ന്നത്. ഇത് സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയും അന്വേഷണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കുസാറ്റിലെ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ സമരം നടത്തുകയും സമരക്കാരുമായി പിവിസി ചര്‍ച്ച നടത്തുകയും പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ ഒരു സമിതിയെ നിയമിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തത്. എന്നാല്‍ ഇതില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ഥികള്‍ കുട്ടനാട്ടില്‍ നിന്നും കുസാറ്റില്‍ എത്തുകയും വീണ്ടും ഇന്നലെ സമരം തുടരുകയും ചെയ്തു. ഇതിനിടയില്‍ സമരക്കാരുമായി വിസി ഡോ. ജെ ലത ചര്‍ച്ച നടത്തുകയും വിദ്യാര്‍ഥികള്‍ ഉന്നയിച്ച ഭൂരിഭാഗം കാര്യങ്ങളും വിസി അംഗീകരിക്കുകയും ചെയ്തു. ബീഫ് കട്‌ലറ്റ് വിളമ്പിയ സംഭവം ഉള്‍പ്പെടെ നാല് ദിവസത്തിനകം ഒരു സമിതി അന്വേഷിച്ച് റിപ്പാര്‍ട്ട് സമര്‍പിക്കാമെന്നും ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ എടുത്തിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരനായ പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്യണമെന്നും പ്രിന്‍സിപ്പല്‍ രാഷ്ട്രീയം കളിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ വിസി തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സമരം തുടരാന്‍ തീരുമാനിച്ചതിനാലാണ് കോളജ് അടച്ചിടാന്‍ തിരുമാനിച്ചത്. ബീഫ് പ്രശ്‌നത്തില്‍ രാഷ്ട്രീയം ഇല്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നുണ്ടെങ്കിലും സംഘപരിവാര സംഘടനകളുടെ രഹസ്യപിന്തുണ സമരത്തിനുള്ളതായി സംശയിക്കുന്നു.
Next Story

RELATED STORIES

Share it