kasaragod local

ബിവറേജസ് ഔട്ട്‌ലെറ്റിനെതിരേയുള്ള സമരം 40ാം ദിവസത്തിലേക്ക്



കാസര്‍കോട്: കുമ്പള പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ നാരായണമംഗലത്ത് ബിവറേജസ് ഔട്ട്‌ലെറ്റ് തുറക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം 40ാം ദിവസത്തിലേക്ക്. രാജീവ് ഗാന്ധി ഹൗസിങ് കോളനിയും സ്‌കൂളും ഒരു വനിത കോളജും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന മേഖലയാണിത്.  കുമ്പള പഞ്ചായത്തിലെ 13ാം വാര്‍ഡിലെ 164ാം നമ്പര്‍ വീട്ടിലാണ് ബിവറേജസ് ഔട്ട്‌ലെറ്റ് തുറക്കുന്നത്. ഒരു ദിവസം കൊണ്ടാണ് ഈ വീടിന് വ്യാപാര സമുച്ചയമായി പഞ്ചായത്ത് അനുമതി നല്‍കിയതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നാട്ടുകാര്‍ ഒന്നടങ്കം കഴിഞ്ഞ 39 ദിവസമായി നടത്തിവരുന്ന അനിശ്ചിതകാല സമരം തുടരുകയാണ്. സമീപത്തെ ബീഡി തെറുപ്പ് തൊഴിലാളികള്‍ സമരപ്പന്തലിലിരുന്നാണ് ബീഡി തെറുക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് ബിവറേജസ് ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിലൂടെ അധികൃതര്‍ നടത്തുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം സത്യശങ്കരഭട്ട്, നാരായണന്‍ നാരായണ മംഗലം, ജയപ്രകാശ്, എന്‍ ശിവരാമ സംബന്ധിച്ചു.
Next Story

RELATED STORIES

Share it