kozhikode local

ബിരുദഫലം പ്രസിദ്ധീകരിക്കാന്‍ അവധിദിനത്തിലും സേവനസന്നദ്ധരായി പരീക്ഷാഭവന്‍ ജീവനക്കാര്‍

കോഴിക്കോട്: അവധി ദിനത്തിലും ജോലിക്ക് സന്നദ്ധരായി കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവന്‍ ജീവക്കാര്‍. റഗുലര്‍ വിദ്യാര്‍ഥികളുടെ ആറാം സെമസ്റ്റര്‍ ബിരുദഫലം 31ന് മുമ്പ് പ്രസിദ്ധീകരിക്കാനായാണ് പരീക്ഷാഭവനിലെ ബിഎ, ബിഎസ്്‌സി, ബി.കോം, വിഭാഗങ്ങളിലെ നൂറോളം ജീവനക്കാര്‍ അവധി ദിവസത്തെ തിരക്കുകള്‍ മാറ്റിവെച്ച് ഇന്നലെ ഞായറാഴ്ച ജോലിക്കെത്തിയത്.
വിവരമറിഞ്ഞ് വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പരീക്ഷാഭവനില്‍ നേരിട്ടെത്തി ജീവനക്കാരെ അനുമോദിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി വി ജോര്‍ജ്കുട്ടിയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി അവധി ഉപേക്ഷിച്ച് ജീവനക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നു.
രണ്ടും ആറും സെമസ്റ്റര്‍ മൂല്യനിര്‍ണയ ക്യാംപുകള്‍ മെയ് മൂന്നിനാണ് ആരംഭിച്ചത്. വേണ്ടത്ര അധ്യാപകര്‍ ഇല്ലാത്തതുമൂലം ക്യാംപുകള്‍ മെയ് 15 വരെ നീണ്ടു പോയെങ്കിലും ആറാം സെമസ്റ്റര്‍ ഫലം മെയ് 31 നകം പ്രസിദ്ധീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് ജീവനക്കാര്‍.മൂല്യനിര്‍ണയം പൂര്‍ത്തിയായി കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമാണ് മാര്‍ക്കുകള്‍ പരീക്ഷാ ഭവനില്‍ എത്തിയത്. ജീവനക്കാര്‍ ഓഫിസ് സമയം കഴിഞ്ഞും അവധി ദിവസങ്ങളില്‍ ജോലി ചെയ്തു ടാബുലേഷന്‍ ജോലികള്‍ ഏതാണ്ട് പൂര്‍ണ്ണമായിട്ടുണ്ട്.
അടുത്ത ചൊവ്വാഴ്ച പാസ്‌ബോര്‍ഡ് ചേര്‍ന്ന്, ഫലം പ്രസിദ്ധീകരിക്കാനുള്ള അവസാന നടപടി കൈകൊള്ളും.ഫൈനല്‍ ബിരുദ പരീക്ഷകള്‍ മാര്‍ച്ച് 20ന് ആരംഭിച്ച് ഏപ്രില്‍ ആദ്യവാരത്തോടെയാണ് പൂര്‍ത്തിയായത്. ബിഎ, ബിഎസ്്‌സി, ബി.കോം വിഭാഗങ്ങളിലായി 50,000ത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയിട്ടുണ്ട്.
പരീക്ഷാഫലം യഥാസമയം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുവാനായി സിന്‍ഡിക്കേറ്റ് പരീക്ഷാസ്റ്റാന്‍ഡിങ് കമ്മിറ്റി കൃത്യമായ നടപടികളും അവലോകനങ്ങളും നടത്തുന്നുണ്ട്.ഡെപ്യൂട്ടി രജിസ്ട്രാര്‍മാരായ എം കെ പ്രമോദ്, ഒ അബ്ദുല്‍ റസാഖ്, അസി. രജിസ്ട്രാര്‍മാരായ കെ സുന്ദരരാജന്‍, ദിനേശ്ബാബു കണ്ണോത്ത്, എന്‍ സരളാദേവി, എം ബി കുഞ്ഞികൃഷ്ണന്‍, ശ്രീദേവി എന്നിവര്‍ അവധി ദിനത്തിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it