World

ബിന്‍ ലാദിന്‍ ഗ്രൂപ്പ് പാര്‍ട്ണര്‍മാര്‍ ഓഹരികള്‍ കൈയൊഴിഞ്ഞു

ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളില്‍ ഒന്നായ സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പ് ഉടമകളില്‍ മൂന്നു പേര്‍ കമ്പനിയിലെ തങ്ങളുടെ ഓഹരികള്‍ പൂര്‍ണമായും കൈയൊഴിഞ്ഞു. കമ്പനിയുടെ 36.2 ശതമാനം ഓഹരികളാണ് ഇവര്‍ മൂവരും കൂടി കൈയൊഴിഞ്ഞത്. കമ്പനി ഓഹരികളുടെ പുനര്‍ വിതരണത്തിനു വാണിജ്യ, നിക്ഷേപ മന്ത്രാലയം അംഗീകാരം നല്‍കി.
ഗ്രൂപ്പിന്റെ മൂലധനം 880 കോടി റിയാലായി ഉയര്‍ത്തിയിട്ടുണ്ട്. 1000 റിയാല്‍ വിലയുള്ള 88 ലക്ഷം ഓഹരികളാണ് കമ്പനി ഉടമകള്‍ക്കുള്ളത്. ധനമന്ത്രാലയത്തിനു കീഴിലെ അല്‍ ഇസ്തിദാമ ഹോള്‍ഡിങ് കമ്പനിക്കാണ് സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പിലെ മൂന്നു പാര്‍ട്ണര്‍മാര്‍ തങ്ങളുടെ 319 കോടി റിയാല്‍ വിലയുള്ള ഓഹരികള്‍ നല്‍കിയിരിക്കുന്നത്.
അല്‍ ഇസ്തിദാമ കമ്പനിക്ക് സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പില്‍ 36.2 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. അവശേഷിക്കുന്ന 63.8 ശതമാനം ഓഹരികള്‍ ബിന്‍ ലാദിന്‍ ഗ്രൂപ്പ് സ്ഥാപകന്‍ മുഹമ്മദ് ബിന്‍ ലാദിന്റെ 15 മക്കള്‍ക്കാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പിന് മൂന്നു മാസം മുമ്പ് ധനമന്ത്രാലയം സഹായം നല്‍കിയിരുന്നു. തൊഴിലാളികളുടെ വേതന കുടിശ്ശികയും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനും വായ്പകള്‍ തീര്‍ക്കുന്നതിനും കമ്പനിക്ക് ധന മന്ത്രാലയം 1,100 കോടി റിയാല്‍ ലഘുവായ്പ നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it