Flash News

ബിജെപി സംസ്ഥാന നേതാവിനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു



കൊച്ചി: ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍— രാത്രി വീട് കയറി ആക്രമിച്ച് കാല്‍ തല്ലിയൊടിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം പാലാരിവട്ടം ശ്രീകല റോഡില്‍ തെക്കേ മാടവന സജീവനെ(വെണ്ണല സജീവന്‍-47) യാണ് നാലംഗ സംഘം ആക്രമിച്ചത്. വലത് കാലൊടിഞ്ഞ സജീവനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ പാലാരിവട്ടം പോലിസ് അറസ്റ്റ് ചെയ്തു. കാക്കനാട് സ്വദേശികളായ സജീഷ്, ശരത്ത്, ലാല്‍ ജീവന്‍, വൈശാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കാര്യവാഹക്് ഉള്‍പ്പെടെയുളളവരെ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയിരുന്നുവെങ്കിലും ഇവരെ പിന്നീട് വിട്ടയച്ചതായി എറണാകുളം നോര്‍ത്ത് സിഐ കെ ജെ പീറ്റര്‍ പറഞ്ഞു. ഞായറാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. വീടിന്റെ വരാന്തയില്‍ ഭാര്യ സ്മിതയുമായി സംസാരിച്ചിരുന്ന സജീവനെ സൗഹൃദം നടിച്ച് എത്തിയ സംഘമാണ് ആക്രമിച്ചത്. നാലംഗ സംഘത്തിലെ ഹെല്‍മെറ്റ് ധരിച്ച് മുഖംമറച്ച ആളാണ് തന്നെ ക്രിക്കറ്റ് ബാറ്റുപോലുള്ള ആയുധംകൊണ്ട് അടിച്ചതെന്ന് സജീവന്‍ പാലാരിവട്ടം പോലിസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഘത്തോട് കസേരയിലിരിക്കാന്‍ പറഞ്ഞ സജീവന്റെ കൈകള്‍ രണ്ടു പേര്‍ ഇരുവശത്ത്‌നിന്നും ബലമായി പിറകിലേക്ക് പിടിച്ചുവയ്ക്കുകയും ഹെല്‍മെറ്റ് വച്ചയാള്‍ ഇരുകാലുകളിലും കുറുവടികൊണ്ട് അടിക്കുകയുമായിരുന്നുവത്രേ. അടിയില്‍ സജീവന്റെ വലതുകാല്‍ ഒടിഞ്ഞു. ഇരുന്ന കസേരയും തകര്‍ന്നു. നാലംഗ സംഘത്തിന്റെ വരവ് കണ്ട് ആദ്യം വീടിന് അകത്തേക്ക് പോയ സ്മിത സജീവന്റെ നിലവിളി കേട്ടാണ് തിരിച്ചെത്തിയത്.  ഇരട്ടകളായ കുട്ടികള്‍ അക്രമം കണ്ട് ഭയന്ന് നിലവിളിച്ചതോടെയാണ് മര്‍ദനം അവസാനിപ്പിച്ചത്. ആക്രമണത്തില്‍ ദേഹമാസകലം മര്‍ദനമേറ്റ സജീവനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബിജെപി സംഘടനാ സംവിധാനങ്ങള്‍ പിടിച്ചെടുക്കാനുള്ള ജില്ലയ്ക്ക് പുറത്ത് നിന്നുള്ള ആര്‍എസ്എസുകാരുടെ നീക്കം ചെറുത്തതാണ് അക്രമണത്തിന് പിന്നിലെന്നാണ് സൂചന. വെണ്ണല സജീവനും പ്രാദേശിക ആര്‍എസ്എസുമായി തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇത് പരിഹരിക്കാന്‍ ബിജെപി ജില്ലാനേതൃത്വം ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ലെന്നും പറയപ്പെടുന്നു. ആയുധമുപയോഗിച്ച് മാരകമായി മുറിവേല്‍പ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ച് കയറല്‍, കൂട്ടമായി ആക്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്ന് പോലിസ് പറഞ്ഞു. എന്നാല്‍ സംസ്ഥാന കൗണ്‍സില്‍ അംഗത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീടു കയറി ആക്രമിച്ചിട്ടും ബിജെപി നേതൃത്വം ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it