ബിജെപി വര്‍ഗീയ ധ്രുവീകരണം നടത്തുന്നു: എസ്ഡിപിഐ

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തിയതോടെ ബിജെപിയുടെ നിരാശ അതിരുകടന്നിരിക്കുകയാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ. ഗുജറാത്തിലെ വ്യാജ വികസന മാതൃക കൊട്ടിഘോഷിച്ച് മറ്റു സംസ്ഥാനങ്ങളില്‍ വോട്ട് പിടിച്ച ബിജെപിക്ക് ഗുജറാത്തില്‍ വന്‍ അബദ്ധം പറ്റി. ബിജെപി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ വികസനത്തിന്റെ ട്രോജന്‍ കുതിരകളെ ഇറക്കി വോട്ടു നേടിയിരുന്നു. ഗുജറാത്തില്‍ വികസനം പറയുന്നതിന് പകരം സ്ഥിരം പരിപാടിയായ വര്‍ഗീയ ധ്രുവീകരണമാണ് ബിജെപി നടത്തുന്നതെന്ന് എസ്ഡിപിഐ നേതാക്കള്‍ ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്ന് എസ്ഡിപിഐ ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ഷറഫുദ്ദിന്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് എസ്ഡിപിഐ ഗുജറാത്തില്‍ മല്‍സരിക്കാതിരുന്നത്. എന്നാല്‍, ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാനുള്ള പ്രചാരണങ്ങള്‍ പാര്‍ട്ടി നടത്തി. സംസ്ഥാനത്ത് നിന്നു സ്വതന്ത്രനായി ജനവിധി തേടുന്ന ദലിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനിക്ക് പാര്‍ട്ടി പിന്തുണ നല്‍കിയത് ബിജെപി വര്‍ഗീയമായി ഉപയോഗിക്കുന്നത് ബിജെപിയുടെ പരാജയഭീതിമൂലമാണെന്ന് നേതാക്കള്‍ പറഞ്ഞു. മേവാനിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പാര്‍ട്ടി സംഭാവന നല്‍കിയത് നിയമപരമായാണ്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം നിയമവിരുദ്ധമായി കോടികള്‍ സമ്പാദിച്ച ബിജെപി നേതാവിനും മകനും തങ്ങളുടെ സംഭാവനയെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ല. പാര്‍ട്ടിക്കെതിരേ അടിസ്ഥാന രഹിതവും ഗുരുതരവുമായ ആരോപണങ്ങള്‍ ഉന്നയിച്ച ബിജെപി അധ്യക്ഷനും പാര്‍ട്ടി വക്താവിനുമെതിരേ നിയമ നടപടി സ്വീകരിക്കും.  എസ്ഡിപിഐ നേതാക്കളൊ പ്രവര്‍ത്തകരോ ഏതെങ്കിലും നിയമവിരുദ്ധമായ പ്രവര്‍ത്തികളില്‍ ഉള്‍പ്പെട്ടതായി എന്‍ഐഎ അടക്കമുള്ള രാജ്യത്തെ ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍, അമിത് ഷാ അടക്കമുള്ള ബിജെപി, സംഘപരിവാര നേതാക്കള്‍ രാജ്യത്തെ കലാപങ്ങളും സ്‌ഫോടനങ്ങളും നടത്തിയതിന് കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ജയിലില്‍ കിടന്നവരുമാണ്. ബിജെപി അധികാരത്തിലെത്തിയതിന് ശേഷം അന്വേഷണ ഏജന്‍സികളെ സ്വാധീനിച്ച് കുറ്റവിമുക്തരായ നേതാക്കളാണ് അമിത് ഷാ അടക്കമുള്ളവരെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. എസ്ഡിപിഐ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഇന്ത്യന്‍ നിയമങ്ങളും ഭരണഘടനയും അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. തുടര്‍ന്നും ബിജെപിയെ പോലുള്ള വര്‍ഗീയ സംഘടനകളെ എതിര്‍ത്ത് ദലിത് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പരിശ്രമിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാഫിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it