ബിജെപി രാഷ്ട്രീയനേട്ടത്തിന് രാമനെ ഉപയോഗിക്കുന്നു: നിതീഷ്

പട്‌ന: ബിജെപിയും ആര്‍എസ്എസും തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ വിഭജിക്കുന്നതിന് ശ്രീരാമനെ രാഷ്ട്രീയായുധമാക്കി ഉപയോഗിക്കുകയാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തിയ്യതി പ്രഖ്യാപിക്കാന്‍ സംഘപരിവാരത്തെ അദ്ദേഹം വെല്ലുവിളിച്ചു. ബിജെപിക്കോ ആര്‍എസ്എസിനോ ശ്രീരാമനില്‍ വിശ്വാസമില്ല. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനായി രാമനെ അവര്‍ രാഷ്ട്രീയ ആയുധമാക്കുകയാണ്. എന്നാല്‍, ജനങ്ങള്‍ ഇത് അധികകാലം സ്വീകരിക്കില്ല-അദ്ദേഹം പറഞ്ഞു. ബി ആര്‍ അംബേദ്കറിന്റെ 125ാം ജന്മവാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നിതീഷ് വാര്‍ത്താലേഖകരോടു സംസാരിച്ചപ്പോഴാണ് ഇതുപറഞ്ഞത്. സംഘപരിവാരം അവരുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ജനങ്ങളില്‍ മതവികാരമുണര്‍ത്തുകയാണ്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി രാമക്ഷേത്ര വിഷയം സജീവമാക്കിനിര്‍ത്തണമെന്നാണ് അവരുടെ ഉദ്ദേശ്യം.
ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാലാണ് ഇപ്പോള്‍ രാമക്ഷേത്ര വിഷയം ഉന്നയിക്കുന്നത്. കോടതി ഉത്തരവിലൂടെയോ വ്യവഹാരത്തില്‍പ്പെട്ട കക്ഷികളുടെ പരസ്പര ധാരണയോടെയോ മാത്രമേ അയോധ്യയില്‍ ക്ഷേത്രനിര്‍മാണം സാധ്യമാവൂ എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും നിതീഷ് പറഞ്ഞു.
Next Story

RELATED STORIES

Share it