Flash News

ബിജെപി മുതലെടുപ്പിന് ശ്രമിക്കുന്നു: കോടിയേരി



തിരുവനന്തപുരം: രാമന്തളി കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിനും സര്‍ക്കാരിനുമെതിരേ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ബിജെപിയും ആര്‍എസ്എസും വമ്പിച്ച പ്രചാരവേലയാണ് നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്രമത്തിനുള്ള തറയൊരുക്കം കൂടിയാണിത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് 12 സിപിഎം പ്രവര്‍ത്തകരെ ബിജെപി-ആര്‍എസ്എസ് സംഘം കൊലപ്പെടുത്തി. നൂറോളം പാര്‍ട്ടി ഓഫിസുകള്‍ തകര്‍ക്കുകയും 200ലേറെ പ്രവര്‍ത്തകരുടെ വീടുകള്‍ നശിപ്പിക്കുകയും 500ലേറെ പ്രവര്‍ത്തകരെ വിവിധ രൂപത്തില്‍ പരിക്കേല്‍പിക്കുകയും ചെയ്തുവെന്നും കോടിയേരി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കണ്ണൂരില്‍ ചില ഘട്ടങ്ങളില്‍ പട്ടാളത്തെ ഇറക്കുകയും ടാഡയും പോട്ടയും ഉള്‍െപ്പടെയുള്ള കേന്ദ്രനിയമങ്ങള്‍ സിപിഎമ്മിനെതിരേ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.  അതുകൊണ്ടൊന്നും സിപിഎമ്മിനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. കണ്ണൂരില്‍ സമാധാനം പുലരുന്നതിനാണ് സിപിഎം നിലകൊള്ളുന്നത്. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് നടത്തിയ സമാധാനയോഗത്തിലും സിപിഎം, ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലും സമാധാനം സംരക്ഷിക്കാനാണ് തീരുമാനിച്ചത്. ഏതു സാഹചര്യത്തിലും അതില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കണം. സിപിഎം പ്രവര്‍ത്തകര്‍ ആ തീരുമാനം നടപ്പില്‍വരുത്താന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണം. പാര്‍ട്ടിക്കെതിരേ ഉയരുന്ന പ്രകോപനങ്ങളില്‍ ആരും കുടുങ്ങരുത്. രാമന്തളി കൊലപാതകത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it