palakkad local

ബിജെപിയുടെ ബന്ധുനിയമനം; നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

പാലക്കാട്: ബിജെപി കൗണ്‍സിലറുടെ ഭാര്യയെ നഗരസഭയില്‍ താല്‍കാലിക ജീവനക്കാരിയായി ചെയര്‍പേഴ്‌സന്റെ ഒത്താശയോടെ നിയമിച്ച സംഭവത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറി രഘുരാമനെ ഓഫിസില്‍ ഉപരോധിച്ചു. നിയമനത്തിന്റെ ഉത്തരവാദിത്വം ഏെറ്റടുത്ത് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനും ബിജെപി കൗണ്‍സിലര്‍ സുനില്‍കുമാറും രാജിവയ്ക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ഉച്ചയോടെയാണ് യുഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ കെ ഭവദാസിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയുടെ ഓഫിസ് കാബിനിലെത്തി ബന്ധു നിയമനവും അമൃത് പദ്ധതിയിലെ നിയമന ക്രമക്കേടുകളും ഉന്നയിച്ച് ഉപരോധം തുടങ്ങിയത്.
ഒരുമാസം മുമ്പാണ് ബിജെപി കൗണ്‍സിലര്‍ സുനിലിന്റെ ഭാര്യയെ തൊഴിലുറപ്പ് പദ്ധതിയിലെ പ്രധാന ചുമതലയില്‍ നിമയനം നടത്തിയത്. അതേ സമയം, നിയമനം നേടിയ കൗണ്‍സിലരുടെ ഭാര്യ രാജിവച്ചതിനാല്‍ ഇക്കാര്യത്തില്‍ ഇനി വിമര്‍ശനം ഉന്നയിക്കുന്നതില്‍ കാര്യമില്ലെന്ന് സെക്രട്ടറി അറിയിച്ചു. ചെയര്‍പേഴ്‌സന്‍ മുന്‍കൂര്‍ അനുമതി നല്‍കിയാണ് ഈ നിയമനം നടത്തിയതെന്നും സെക്രട്ടറി വ്യക്തമാക്കി.
യുഡിഎഫ്, എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എല്ലാ നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്നും അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഇതെല്ലാം അജണ്ടയായി വരുമെന്നും സെക്രട്ടരി അറിയിച്ചച്ചു. കൗണ്‍സില്‍ തീരുമാന പ്രകാരം നിയമനം സംബന്ധിച്ച നടപടി സ്വീകരിക്കുകയുള്ളുവെന്നും സെക്രട്ടറി അറിയിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it