ബിജെപിക്ക് വീണ്ടും അധികാരത്തിലെത്താന്‍ കഴിയില്ല: ആനന്ദ് പട്‌വര്‍ധന്‍

തിരുവനന്തപുരം: ബിജെപിക്ക് രാജ്യത്ത് വീണ്ടും അധികാരത്തിലെത്താന്‍ കഴിയില്ലെന്നു പ്രമുഖ ഡോക്യൂമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍. മോദിഭരണത്തിന് അന്ത്യം കുറിക്കുന്ന നല്ല ലക്ഷണങ്ങള്‍ രാജ്യത്ത് കണ്ടുവരുന്നുണ്ട്. 2019 ലെ പൊതുതിരഞ്ഞെടുപ്പ് നമുക്കുള്ള സുവര്‍ണാവസരമാണ്. അവര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ മുഴുവന്‍ സംവിധാനങ്ങളും തകരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ബിജെപിക്കു മുമ്പും ശേഷവും എന്നു ലോകത്തെ തന്നെ രണ്ടായി വിഭജിക്കാം. ബിജെപി അധികാരത്തിലെത്തുന്നതു വരെ നീതിന്യായ സംവിധാനം കരുത്തുറ്റതായിരുന്നു. എന്നാല്‍, ഇന്നു നീതി തേടി കോടതിയില്‍ പോവാനാവുമോ എന്ന ആശങ്കയുണ്ട്. അമിത്ഷാ കാലത്ത് ഇനി എന്തായിരിക്കും സംഭവിക്കുക. 2002, 2003 കാലത്ത് മോദി ദേശീയ ശ്രദ്ധയുള്ള നേതാവായിരുന്നില്ല. എന്നാല്‍, പ്രചണ്ഡവും ആസൂത്രിതവുമായ പ്രചാരണത്തിലൂടെയാണ് മോദി ദേശീയ നേതാവായത്. വലതുപക്ഷ വിഭാഗത്തിനു വേണ്ടി വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാനും അവ പ്രചരിപ്പിക്കാനും വ്യവസ്ഥാപിത സംവിധാനങ്ങളുണ്ട്. അവ പിന്നീട് മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും ഏറ്റുപിടിക്കുകയാണ്. ലൗ ജിഹാദ് പ്രചാരണം ഇതിന് ഉദാഹരണമാണ്. യുപിയില്‍ 100 കൂടുംബങ്ങള്‍ക്ക് ഒരു ഗ്രൂപ്പ് എന്ന നിലയില്‍ സാമൂഹിക മാധ്യമ ഗ്രൂപ്പുകള്‍ ഉണ്ടാക്കി വ്യാജ പ്രചാരണങ്ങള്‍ നടത്തിയതിന്റെ ഫലമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം. ഇവരുടെ വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ ബദല്‍ പ്രചാരണങ്ങള്‍ നടത്തുന്നതിനു വലിയ തടസ്സങ്ങളുണ്ട്. പൊതുസമൂഹത്തിന്റെ ബുദ്ധിയെയും തിരിച്ചറിവിനെയും അവര്‍ അവമതിക്കുകയാണ്.
ഈ ഭ്രാന്തമായ പ്രചാരണങ്ങള്‍ക്ക് അധിക കാലം പിടിച്ചുനില്‍ക്കാനാവില്ല. ഒരു ജനത ഭയത്തിലാണെങ്കില്‍ അവരെ ഭയപ്പെടുത്തിക്കൊണ്ടേയിരിക്കും. സാമൂഹിക മാധ്യമങ്ങളുടെ ഇടം വലുതാണ്. ചെറിയ ചെറിയ ക്ലിപ്പിങ്ങിലൂടെ വലതുപക്ഷ തീവ്രവാദത്തിന്റെ അപകടങ്ങളെ ജനങ്ങളെ ബോധ്യപ്പെടുത്താനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it