ബിജെപിക്കെതിരേ ഒറ്റയ്ക്ക് പോരാടാനാവില്ല: വി എസ്

തിരുവനന്തപുരം: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തിരഞ്ഞെടുപ്പ് ഫലം ഏറെ ഗൗരവത്തോടെ കാണണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. സംഘപരിവാരത്തിനെതിരായ പോരാട്ടം തനിച്ച് നയിക്കാനും ജയിക്കാനുമുള്ള ശക്തി ഇന്ന് ഇടതുപക്ഷത്തിനില്ലെന്നത് വസ്തുതയാണെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ബൂര്‍ഷ്വാ പാര്‍ട്ടികളിലെ മതനിരപേക്ഷ ശക്തികളെ തന്ത്രപരമായി കൂട്ടിയോജിപ്പിച്ച് ഒരു യുദ്ധമുന്നണി തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംഘപരിവാര ഫാഷിസത്തെ ഇന്ത്യയില്‍ തറപറ്റിക്കാന്‍ പ്രയാസമായിരിക്കും. സംഘപരിവാര രാഷ്ട്രീയത്തിനെതിരായ അന്തിമപോരാട്ടത്തിന് ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളും തയ്യാറെടുക്കേണ്ട സമയമാണിതെന്നാണ് തിരഞ്ഞെടുപ്പ് ഫലം ഓര്‍മിപ്പിക്കുന്നതെന്നും വിഎസ് ചൂണ്ടിക്കാട്ടി.  രാഷ്ട്രം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ അതീവ ഗുരുതരമാണ്. സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകള്‍ ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് ഏറെ ദുര്‍ബലമാണ്.
ബംഗാളും ത്രിപുരയും ഭരിച്ച ഇടതുപക്ഷ പാര്‍ട്ടികളും ഇന്ന് ദുര്‍ബലമാണ്. ആ സ്ഥലത്തേക്ക് കടന്നുകയറുന്ന ബിജെപിയാവട്ടെ, ഒരുവശത്ത് ആസുരമായി നവ ഉദാരവല്‍ക്കരണ നടപടികളും മറുവശത്ത് അതിതീവ്ര വര്‍ഗീയ നടപടികളുമായാണ് മുന്നേറുന്നത്. കൊന്നും കൊലവിളിച്ചും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കോര്‍പറേറ്റ് ഭീമന്മാര്‍ക്കും സ്വന്തക്കാര്‍ക്കും കൈയേറാന്‍ വിട്ടുകൊടുത്തും ജുഡീഷ്യറിയെ കൈയിലെ കളിപ്പാവയാക്കിയും സാമ്രാജ്യത്വവുമായി സഖ്യമുണ്ടാക്കിയും ദേശീയതലത്തില്‍ അവര്‍ ശക്തി വര്‍ധിപ്പിക്കുകയാണ്.
ഇത്തരം നടപടികള്‍ക്കാവട്ടെ ഇപ്പോള്‍ തികഞ്ഞ ഫാഷിസ്റ്റ് സ്വഭാവം കൈവന്നിരിക്കുന്നു. സംഘപരിവാര ശക്തികളുടെ ആയുധപ്പുരകള്‍ സമ്പന്നമാണ്. അവരുടെ തന്ത്രങ്ങള്‍ ഏറെ വഴക്കമുള്ളതാണ്. അത്തരമൊരു ഫാഷിസ്റ്റ് മഹാമാരിയെയാണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നമുക്ക് തുരത്തിയെറിയാനുള്ളത്. അതിനു കഴിയാതെവന്നാല്‍, രാജ്യത്തിന്റെ പരമാധികാരവും സാമ്പത്തിക സുരക്ഷയും മതനിരപേക്ഷതയും ജനാധിപത്യവുമാണ് തകര്‍ന്നടിയുക.
അതിനെതിരായ അന്തിമപോരാട്ടത്തിലേക്കാണ് ഇന്ത്യന്‍ ഇടതുപക്ഷം നയിക്കപ്പെടുന്നത്. മറ്റ് ദേശീയ, പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികളും ശിഥിലമാണ്. അഴിമതിയും സ്വജനപക്ഷപാതവുമെല്ലാമാണ് അവരില്‍ പലരുടെയും മുഖമുദ്ര. അത്തരക്കാരുമായി സഖ്യത്തിലേര്‍പ്പെടാനോ, അവരുമായി ചേര്‍ന്ന് ഭരണ മുന്നണിയുണ്ടാക്കാനോ കഴിയില്ല. മാത്രവുമല്ല, അത്തരം അഴിമതിക്കാര്‍ക്കെതിരെ അതിശക്തമായ സമരമുഖങ്ങള്‍ തുറന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it