kasaragod local

ബിജു വധം : പയ്യന്നൂര്‍ മേഖലയില്‍ വ്യാപക റെയ്ഡ് ; അഞ്ചു ബൈക്കുകള്‍ പിടികൂടി



പയ്യന്നൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹ് കക്കംപാറയിലെ ചൂരക്കാട് ബിജു വധക്കേസിലെ മറ്റു പ്രതികള്‍ക്കായി രാമന്തളി, പയ്യന്നൂര്‍ മേഖലകളില്‍ വ്യാപക പോലിസ് റെയ്ഡ്. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍, സിഐ പി കെ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം രാത്രി കുന്നരു കാരന്താട്ടുനിന്ന് സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ അഞ്ചു ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. കാരന്താട്ടെ ബസ്‌സ്‌റ്റോപ്പിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ബൈക്കുകള്‍. ഇവ കൊലപാതക ആവശ്യത്തിനായി ഉപയോഗിച്ചിരിക്കാമെന്നാണ് പോലിസിന്റെ നിഗമനം. പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളിലേക്ക് സംഭവത്തിനുശേഷം വന്ന ചില കോളുകളാണ് പ്രതികളെ തിരിച്ചറിയാന്‍ പോലിസിന് സഹായകമായത്. കേസില്‍ മൊത്തം ഏഴു പ്രതികളാണുള്ളത്. ഇവരില്‍ അറസ്റ്റിലായ കക്കംപാറ നടുവിലെ പുരയില്‍ എന്‍ പി റിനീഷ്(31), പരുത്തിക്കാട്ടെ കുണ്ടുവളപ്പില്‍ കെ വി ജ്യോതിഷ്(28) എന്നിവരെ ഇന്നലെ പയ്യന്നൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അനൂപ്, സത്യന്‍, പ്രജീഷ്, രതീഷ്, നിധിന്‍ എന്നിവരാണ് മറ്റു പ്രതികള്‍. ഇവര്‍ക്കായി അന്വേഷണ ചുമതലയുള്ള തളിപ്പറമ്പ് സിഐ പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള പോലിസ് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷിക്കുന്നുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താന്‍ പോലിസിന് ഇനിയും സാധിച്ചിട്ടില്ല. അതേസമയം, കൂട്ടുപ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഇതിനകം അറസ്റ്റിലായ രണ്ടുപേരില്‍നിന്ന് മറ്റു പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ ഒളിവില്‍ കഴിയുന്നത് അഭികാമ്യമല്ലെന്നും കീഴടങ്ങാനാണ് സാധ്യതയെന്നുമുള്ള സൂചനകളാണ് പുറത്തുവരുന്നത്. പ്രതികള്‍ കീഴടങ്ങാനുള്ള താല്‍പര്യം ചിലര്‍ മുഖേന പോലിസില്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായവര്‍ നിരവധി അക്രമക്കേസുകളില്‍ പ്രതികളാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ട്ടിലുള്ളത്. എന്‍ പി റിനീഷ് വധശ്രമം ഉള്‍പ്പെടെ 17 കേസുകളില്‍ പ്രതിയാണ്. ഒരുവര്‍ഷം മുമ്പ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനോടുള്ള വ്യക്തിപരവും രാഷ്ട്രീയപരവുമായി ബന്ധമുള്ളവരുമാണ് അറസ്റ്റിലായവര്‍. അതേസമയം, സംഭവത്തില്‍ ഗൂഢാലോചനയ്ക്ക് പയ്യന്നൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ശരിയായ രീതിയിലാണു നടക്കുന്നതെന്നും പ്രതികള്‍ മുഴുവന്‍ ഉടന്‍ വലയിലാവുമെന്നും ജില്ലാ പോലിസ് മേധാവി ശിവവിക്രം പറഞ്ഞു.
Next Story

RELATED STORIES

Share it