kannur local

ബാലഭിക്ഷാടനം പെരുകുന്നു; കമ്മീഷനും പോലിസും നോക്കുകുത്തി

തലശ്ശേരി: നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ബാലഭിക്ഷാടനം പെരുകിയിട്ടും ബാലവകാശ കമ്മീഷനും പോലിസും ഇടപെടുന്നില്ലെന്നു പരാതി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കുഞ്ഞുങ്ങളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നത്.
കത്തുന്ന വെയിലില്‍ റോഡരികില്‍ കിടത്തിയാണ് പ്രധാനമായും ഭിക്ഷ യാചിക്കുന്നത്. കത്തുന്ന ചൂടില്‍ സൂര്യതാപമേറ്റ് പൊട്ടിയ തൊലിയുമായി കരയാന്‍ പോലുമാവാതെ തളര്‍ന്നുറങ്ങുന്ന കുട്ടികള്‍ നഗരത്തിലെത്തുന്നവരെ വേദനിപ്പിക്കുന്ന കാഴ്ചയാവുകയാണ്.
നഗരത്തിലെ ഏറ്റവും തിരക്കുള്ള എന്‍സിസി റോഡ്, എംജി റോഡ് എന്നിവടങ്ങളിലാണ് സംഘം പ്രധാനമായും തമ്പടിച്ചിരിക്കുന്നത്. പൊരിവെയിലില്‍ ഒന്നുമറിയാതെ തളര്‍ന്നുറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് മയങ്ങിക്കിടക്കുന്നതിനായി പുകയിലെ വെള്ളം നല്‍കുന്നതായും സംശയമുണ്ട്. ഭിക്ഷാടന മാഫിയകള്‍ക്ക് വൈകീട്ട് ലഭിക്കുന്ന തുകയില്‍ നിന്നു തുഛമായ രൂപയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്നത്.
പുകയില കലര്‍ന്ന വെള്ളം കുട്ടികള്‍ക്ക് നല്‍കുക വഴി കടുത്ത ചൂടില്‍ തളര്‍ന്നുമയങ്ങി കുഞ്ഞുങ്ങള്‍ മരിച്ച സംഭവം വരെയുണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു. നാലു കുട്ടികള്‍ ഇങ്ങനെ നിഷ്ഠൂരമായി മരിച്ചെന്നും ജഡം ചതുപ്പ് നിറഞ്ഞ കുറ്റക്കാട്ടില്‍ ഉപേഷിക്കുകയും ചെയ്‌തെന്നും പറയപ്പെടുന്നു. നഗരത്തില്‍ പ്രസ്തുത സംഭവം ചര്‍ച്ചയായിട്ടും പോലിസ് അധികൃതരുടെ ഭാഗത്ത് നിന്നു യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
ബാലഭിക്ഷാടനത്തിനെതിരേ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ യാതൊരു നടപടിയും എടുക്കാത്തതും ചര്‍ച്ചയാവുന്നുണ്ട്. അതേസമയം സംഭവം ബോധ്യപ്പെട്ടതിനാല്‍ ഭിക്ഷാടനസംഘം താല്‍ക്കാലികമായി കഴിഞ്ഞ ദിവസം മുതല്‍ പ്രസ്തുത സ്ഥലങ്ങളില്‍ നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it