ബാര്‍ കോഴ ആരോപണം: മന്ത്രി കെ ബാബുവിനെതിരേ ദ്രുത പരിശോധന തുടങ്ങി

കൊച്ചി: മന്ത്രി കെ ബാബുവിനെതിരായ ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് ദ്രുത പരിശോധന തുടങ്ങി. കെ ബാബുവിനെതിരേ ദ്രുത പരിശോധന ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ ജോര്‍ജ് വട്ടുകുളത്തില്‍ നിന്ന് എസ്പി ആര്‍ നിശാന്തിനി ഇന്നലെ മൊഴിയെടുത്തു. മന്ത്രി കെ ബാബുവിന് പണം നല്‍കിയെന്ന ആരോപണമുന്നയിച്ച ബിജു രമേശ് ടിവി ചാനലില്‍ നടത്തിയ അഭിമുഖത്തിന്റെ സിഡിയും ജോര്‍ജ് വട്ടുകുളം ദ്രുത പരിശോധന സംഘത്തിനു മുമ്പാകെ ഹാജരാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ബാറുടമ ബിജു രമേശുമായി ജിമ്മി ജെയിംസ് നടത്തിയ അഭിമുഖത്തിന്റെ സിഡിയാണ് തെളിവായി വിജിലന്‍സ് മുമ്പാകെ ഹാജരാക്കിയത്. ബാബുവിനെതിരേ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശില്‍ നിന്നും ബാര്‍ ഉടമ അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്നും മൊഴിയെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടതായാണ് വിവരം.
സര്‍ക്കാരിന്റെ മദ്യനയം സുപ്രിം കോടതിയും അംഗീകരിച്ച സാഹചര്യത്തില്‍ ജോര്‍ജിന്റെ ആവശ്യപ്രകാരം ബാര്‍ ഉടമ അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്നു മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചാല്‍ ഇവര്‍ സ്വീകരിക്കുന്ന നിലപാട് കേസില്‍ നിര്‍ണായകമാവുമെന്നാണു വിലയിരുത്തല്‍.
വിജിലന്‍സ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ദ്രുത പരിശോധന നടത്തുന്നത്. മന്ത്രി കെ ബാബുവിന്റെ മൊഴിയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. ഈ മാസം 23നകം ദ്രുത പരിശോധന റിപോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കേണ്ടതുള്ളതിനാല്‍ അതിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് കൈമാറും.
Next Story

RELATED STORIES

Share it