wayanad local

ബാബുവിന്റെ കുടുംബത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം: കോടിയേരി

മാനന്തവാടി: ബാണാസുരസാഗര്‍ ഡാമില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ മരിച്ച ബപ്പനം ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയും പെട്ടെന്നു നിറവേറ്റണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച രണ്ടര ലക്ഷം രൂപ ബാബുവിന്റെ കുടുംബത്തിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രണ്ടു ദിവസത്തെ ഫണ്ട് സമാഹരണത്തിലൂടെയാണ് ബാബുവിന്റെ കുടുംബത്തിനായി രണ്ടര ലക്ഷം രൂപ സമാഹരിച്ചത്. ഈ തുകയാണ് പടിഞ്ഞാറത്തറയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബാബുവിന്റെ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയത്. ബാണാസുരസാഗര്‍ ഡാമില്‍ അപകടമുണ്ടായ അടുത്ത ദിവസം തന്നെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും കോടിയേരി പറഞ്ഞു. എന്നാല്‍, 10 ലക്ഷവും കുടുംബത്തിലൊരാള്‍ക്ക് ജോലിയും നല്‍കാമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഒരു ലക്ഷം രൂപ മാത്രമാണ് കുടുംബത്തിന് ലഭിച്ചത്. ബാക്കി വാഗ്ദാനങ്ങള്‍ ഉടന്‍ പാലിക്കപ്പെടണമെന്നും കോടിയേരി പറഞ്ഞു. അപകടത്തില്‍ മരിച്ച റൗഫിന്റെ അനുജന് സര്‍ക്കാര്‍ ജോലി നല്‍കണം. ഇവരുടെ വിദ്യാഭ്യാസ വായ്പ ബാങ്ക് എഴുതിത്തള്ളണം, ഇതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണം. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് അധ്യക്ഷത വഹിച്ചു. സി കെ ശശീന്ദ്രന്‍, ബിജു, കെ റഫീഖ് സംസാരിച്ചു.
Next Story

RELATED STORIES

Share it