ബാബരി ദിനത്തില്‍ പ്രകോപന നീക്കവുമായി സംഘപരിവാരം

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 25 വര്‍ഷം പൂര്‍ത്തിയായ ഇന്നലെ പരസ്യമായി മതവിദ്വേഷ പ്രചാരണവും പ്രകോപനവുമായി സംഘപരിവാരം രംഗത്തെത്തിയപ്പോള്‍ പോലിസ് കാഴ്ചക്കാരായി. വടകരയില്‍ പോലിസ് സംരക്ഷണയോടെയാണ് കടുത്ത വിദ്വേഷ പ്രചാരണവുമായി ഇന്നലെ ബജ്‌റംഗ്ദള്‍ പരിപാടി നടത്തിയത്. മുസ്‌ലിം സംഘടനകള്‍ പ്രാര്‍ത്ഥനാ ദിനമായും മറ്റു വിവിധ സംഘടനകള്‍ കരിദിനമായും പ്രതിഷേധ ദിനമായും ആചരിച്ച ഇന്നലെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്താണ് ബജ്‌റംഗ്ദള്‍ വടകരയില്‍ പരിപാടി സംഘടിപ്പിച്ചത്. ബാബരി ദിനം വിജയ ദിനമാണെന്ന് നേരത്തെ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് പരിപാടി. വടകര കോട്ടപ്പറമ്പില്‍ വൈകീട്ട് 6ന് നടന്ന പരിപാടിയിലുടനീളം വിദ്വേഷ പ്രചാരണങ്ങളും പ്രകോപനപരമായ പരാമര്‍ശങ്ങളുമാണ് അരങ്ങേറിയത്. ബാബരി മസ്ജിദ് തകര്‍ത്തതില്‍ യാതൊരു തെറ്റുമില്ലെന്നും കാശിയിലും മധുരയിലും മറ്റു സമാനമായ ആരാധാനലയങ്ങള്‍ ഇനിയും തകര്‍ക്കുമെന്നും പ്രസംഗകര്‍ എടുത്തുപറഞ്ഞു. വടകരയില്‍ നടന്ന പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിച്ച പ്രകടനത്തിലുടനീളവും വര്‍ഗീയ വിഷം ചീറ്റുന്ന തരത്തിലായിരുന്ന മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. പ്രകടനത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗത കുരുക്കും വടകരയില്‍ നേരിടേണ്ടി വന്നു. പരിപാടിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രധാന സംഘടനകള്‍ ജില്ലാ ഭരണകൂടത്തിനും പൊലീസിനും നേരത്തെ നിവേദനം നല്‍കിയിരുന്നെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നുമുണ്ടായില്ല. മാത്രവുമല്ല പരിപാടിക്ക് ആദ്യാവസാനം പോലിസ് സംരക്ഷണം നല്‍കുകയും ചെയ്തു. പരിപാടിക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നെങ്കിലും പൊലീസ് സംരക്ഷണം നല്‍കിയത് വലിയ ആക്ഷേപത്തിന് കാരണമായി. രാജ്യത്തിന്റെ നിയമസംവിധാനത്തെ വെല്ലുവിളിച്ച് 1992 ഡിസംബര്‍ 6ന് നടന്ന ബാബരി ധ്വംസനം വിജയദിനമായി ആചരിക്കുന്ന സംഘപരിവാര പരിപാടി കടുത്ത നിയമലംഘനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
Next Story

RELATED STORIES

Share it