Flash News

ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കല്‍സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

സ്വന്തം  പ്രതിനിധി

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ് എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. 2002ലെ കള്ളപ്പണം തടയല്‍ നിയമത്തില്‍ ഭേദഗതി വരുത്തി പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് 2017 ഡിസംബര്‍ 31നകം ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കിയിരുന്നത്. ഇതിലാണ് കേന്ദ്ര ധനമന്ത്രാലയം മാറ്റം വരുത്തിയത്. ഇതുസംബന്ധിച്ച വിജ്ഞാപനം ഇന്നലെ പുറത്തിറക്കി. ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, ഇന്‍ഷുറന്‍സ് പോളിസി, മ്യൂച്വല്‍ ഫണ്ട്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയിരിക്കുന്നത്. നിലവിലുള്ള അക്കൗണ്ടുകളുടെ കാര്യമാണ് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, പുതിയ അക്കൗണ്ടുകള്‍ എടുക്കുന്നവര്‍ ആറു മാസത്തികം ആധാര്‍ നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രിംകോടതിയെ അറിയിച്ചേക്കുമെന്നാണ് സൂചന. ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ 139 സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അടുത്ത  മാര്‍ച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രിംകോടതിയെ അറിയിച്ചിരുന്നു. അതേസമയം, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള കാലപരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല. നേരത്തേ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 2018 ഫെബ്രുവരി 6 ആണ് ഇതിന്റെ കാലാവധി. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികള്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്നു രണ്ടുമണിക്ക് പരിഗണിക്കും. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ഹരജികളില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കര്‍, അശോക് ഭൂഷണ്‍, എ കെ സിക്രി എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it