ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനം; പണിമുടക്കില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാര്‍ നടത്തിയ പണിമുടക്കില്‍ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. സംസ്ഥാനത്തെ ഏക പൊതുമേഖലാ വാണിജ്യബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ അഞ്ച് അസോഷ്യേറ്റ് ബാങ്കുകളെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചില്ലാതാക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് സ്വതന്ത്രമായി വളരാന്‍ അനുവദിക്കുക എന്ന അവശ്യം ഉന്നയിച്ചാണു പണിമുടക്കു നടത്തിയത്.
ലയനത്തിന് വഴിയൊരുക്കുന്നതിന്റെ ഭാഗമായി വ്യവസായതല ഉഭയകക്ഷി കരാര്‍ നിയമവിരുദ്ധവും ഏകപക്ഷീയവുമായും മാറ്റിമറിക്കുന്ന നടപടികള്‍ പിന്‍വലിക്കുക, കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും അംഗീകരിച്ച ആശ്രിത നിയമന പദ്ധതിയും ഭവനവായ്പാ പരിധി വര്‍ധനവും നടപ്പാക്കുക, സ്വീപ്പര്‍, പ്യൂണ്‍ തസ്തികകളില്‍ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.
തിരുവനന്തപുരത്ത് പണിമുടക്കിയ ജീവനക്കാര്‍ എസ്ബിടി പ്രധാന ശാഖയ്ക്കു മുമ്പില്‍ ധര്‍ണ നടത്തി. എഐബിഎംഎ സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ മുരളീധരന്‍ പിള്ള, എസ് സുരേഷ്‌കുമാര്‍, എന്‍ എസ് രവീന്ദ്രനാഥ്, സി ഗോപിനാഥന്‍ നായര്‍, ടി നന്ദകുമാര്‍ സംസാരിച്ചു. പണിമുടക്കിയ ജീവനക്കാര്‍ എസ്ബിഐ ലോക്കല്‍ ഹെഡ്ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാല്‍ 13ന് തുടര്‍സമരങ്ങള്‍ നടക്കുമെന്ന് ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it