ബാംഗലൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയെ മനോരോഗ വിദഗ്ധനെ കാണിക്കാന്‍ കോടതി നിര്‍ദേശം

കൊച്ചി: ബാംഗല്‍ര്‍ സ്‌ഫോടനക്കേസിലെ പ്രതിയായ തടിയന്റവിട നസീറിന്റെ ഇമെയില്‍ സന്ദേശങ്ങളും എഴുത്തുകളും കൈമാറി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതി പി എ ഷഹനാസിനെ (22) മാനസികാരോഗ്യ വിദഗ്ധനെ കാണിക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ഷഹനാസ് ജയിലില്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നതായും മാനസിക ചികില്‍സയ്ക്ക് വിടണമെന്നും കാണിച്ച് ജില്ലാ ജയില്‍ സൂപ്രണ്ട് നല്‍കിയ റിപോര്‍ട്ട് കോടതി സ്വീകരിക്കുകയായിരുന്നു. ഇയാളെ മുമ്പ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശോധിപ്പിച്ചിരുന്നു. തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ ചികില്‍സാ കേന്ദ്രത്തിലാക്കാന്‍ ഷഹനാസിനോട് കോടതി നിയമപ്രകാരം സമ്മതം തേടിയതിനു ശേഷമാണ് ഉത്തരവിട്ടത്. ഷഹനാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തടിയന്റവിട നസീറിനെ പോലിസ് കേസില്‍ ഒന്നാം പ്രതിയാക്കിയത്. ഇയാള്‍ക്ക് മാനസിക രോഗം കണ്ടെത്തിയാല്‍ ഈ മൊഴി നിയമപരമായി ഉപയോഗിക്കാന്‍ പ്രയാസമുണ്ടെന്നും നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it