Kottayam Local

ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുവീണു ; ദുരന്തം ഒഴിവായി



എരുമേലി: സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കുരയില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നു വീണു. ഇന്നലെ രാവിലെ യാത്രക്കാര്‍ എത്തി തുടങ്ങുമ്പോഴാണ് മേല്‍ക്കൂരയില്‍ കമ്പി തെളിഞ്ഞ് പൊട്ടിപ്പൊളിഞ്ഞിരുന്ന കോണ്‍ക്രീറ്റ് വന്‍ ശബ്ദത്തോടെ അടര്‍ന്നു വീണത്. സാധാരണ യാത്രക്കാര്‍ കൂട്ടത്തോടെ ബസ് കാത്തു നില്‍ക്കുന്ന ഭാഗത്താണ് മേല്‍ക്കൂരയിലെ അടര്‍ന്ന വലിയ കഷണം കോണ്‍ക്രീറ്റ് പതിച്ചത്. രാവിലെ ഈ ഭാഗത്ത് യാത്രക്കാരാരും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. പതിറ്റാണ്ടുകള്‍ പഴക്കമുണ്ട് എരുമേലി ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സിന്. മേല്‍ക്കൂരയില്‍ മഴവെളളം കെട്ടിക്കകിടന്ന് കോണ്‍ക്രീറ്റിനുള്ളിലേക്കിറങ്ങി ചോര്‍ച്ചയുണ്ടാവുന്നത് മൂലം പല ഭാഗങ്ങളിലും വാര്‍ക്കയുടെ കമ്പികള്‍ തെളിഞ്ഞ നിലയില്‍ പൊട്ടിപ്പൊളിയുകയാണ്. പലപ്പോഴും ചെറിയ കഷണങ്ങള്‍ അടര്‍ന്ന് വീഴുന്നുമുണ്ട്. ടിന്‍ഷീറ്റുകള്‍ സ്ഥാപിച്ചാല്‍ ചോര്‍ച്ച ഒഴിവാക്കാനാവുമെന്നും യാത്രക്കാര്‍ക്ക്  മഴവെള്ളം തെറിക്കുന്നതിന് പരിഹാരമാവുമെന്നും വ്യാപാരികള്‍ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് സ്റ്റാന്‍ഡിലെ കച്ചവടക്കാര്‍ ഒപ്പിട്ട പരാതി പഞ്ചായത്ത് സെക്രട്ടറിക്കു മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയിരുന്നു. ശൗചാലയം പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ മലമൂത്ര വിസര്‍ജന കേന്ദ്രമായിരിക്കുകയാണ് സ്റ്റാന്‍ഡിലെ ഓടകള്‍. സ്റ്റാന്‍ഡിന്റെ മൂലയിലാണ് മാലിന്യങ്ങള്‍ കൂട്ടത്തോടെ തളളുന്നത്. പാര്‍ക്കിങ് ഏരിയ കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍ പഴയ കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ച് നീക്കിയിരുന്നില്ല. ഷോപ്പിങ് കോംപ്ലക്‌സിന്റെ  തറയുടെ ലെവലിലാണ് ബസ് പാര്‍ക്കിങ് ഏരിയ കോണ്‍ക്രീറ്റ് ചെയ്തത്. ഇത് മൂലം പാര്‍ക്കിങ് സ്ഥലത്ത് മഴവെളളം പതിക്കുമ്പോള്‍ ഷോപ്പിങ് കോംപ്ലക്‌സിലേക്കും ഒഴുകിയെത്തും. ഇത് പരിഹരിക്കാന്‍ സ്ഥാപിച്ച ഹംപുകള്‍ യാത്രക്കാരെ വീഴിക്കുന്നതല്ലാതെ വെളളക്കെട്ടൊഴിവാക്കാനാകുന്നില്ല. കെട്ടിടം പുതുക്കി പണിയാന്‍ ബസ് സ്റ്റാന്റ്് സ്ഥലത്തിന്റെ ആധാരം ഈട് വെച്ച് ഒരു കോടി രൂപ വായ്പയെടുക്കാന്‍ കഴിഞ്ഞ ഭരണ സമിതി നടപടികള്‍ സ്വീകരിച്ചെങ്കിലും വിജയിച്ചില്ല. വായ്പ തരാമെന്ന് നഗരഗ്രാമ വികസന ധനകാര്യ കോര്‍പറേഷന്‍ അറിയിച്ചിരുന്നതുമാണ്. ഇപ്പോഴത്തെ ഭരണ സമിതി ബജറ്റില്‍ സ്റ്റാന്‍് വികസനത്തിന് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട് . എന്നാല്‍ അധ്യയന വര്‍ഷം ആരംഭിച്ചതിനാല്‍ ഇനി കുട്ടികളുള്‍പ്പടെ യാത്രക്കാരുടെ തിരക്കേറുകയാണ്. അടിയന്തരമായി അറ്റകുറ്റപ്പണികളിലൂടെ അപകട സാധ്യത പരിഹരിക്കണമെന്ന ആവശ്യം ശക്തമായി.
Next Story

RELATED STORIES

Share it