kasaragod local

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല; മഴപെയ്താല്‍ യാത്രക്കാര്‍ക്ക് ശരണം കടവരാന്ത



കാഞ്ഞങ്ങാട്: നഗരത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാല്‍ യാത്രക്കാര്‍ ദുരിതത്തില്‍. മഴകനത്താലോ വെയിലിന് ചൂടുകൂടിയാലോ സമീപത്തെ കടവരാന്തകളില്‍ അഭയം തേടണം. കാസര്‍കോട് ഉള്‍പ്പെടെ നഗരത്തില്‍ നിന്ന് വടക്ക്ഭാഗത്തേക്ക് പോകേണ്ട ബസുകളൊക്കെയും നിലവിലുള്ള ബസ് സ്റ്റാന്റിന് പടിഞ്ഞാറുവശത്ത് റോഡില്‍ തന്നെ നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സംവിധാനമാണ് നിലവിലുള്ളത്. പാണത്തൂര്‍, കാസര്‍കോട്, കാഞ്ഞിരപ്പൊയില്‍, മടിക്കൈ, പാലക്കുന്ന് എന്നിങ്ങനെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ക്ക് നിര്‍ത്തിയിടാന്‍ ബസ്‌ബേ എന്നപേരില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയതല്ലാതെ ഇവിടങ്ങളില്‍ യാത്രക്കാര്‍ക്ക് നില്‍ക്കാനോ ഇരിക്കാനോ യാതൊരു സംവിധാനവും നഗരസഭ ഒരുക്കിയിട്ടില്ല.റോഡരികിലെ ഒഴിഞ്ഞ സ്ഥലങ്ങളൊക്കെയും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്കിങിനായി കൈയടക്കുകയും ചെയ്യുന്നതോടെ യാത്രക്കാരുടെ കാര്യം ദുരിതത്തിലാണ്. പുതിയകോട്ട കഴിഞ്ഞാല്‍ നോര്‍ത്ത് കോട്ടച്ചേരി വരെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒരിടത്തും ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചിട്ടില്ല. കെഎസ്ടിപി നടപ്പാക്കുന്ന റോഡ് വികസനത്തിന്റെ ഭാഗമായി നഗരത്തിലെ നടപ്പാതകള്‍ റെഡിമെയ്ഡ് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഉപയോഗിച്ച് പുതുക്കിപ്പണിതതോടെ ഇവയുടെ വലുപ്പം ഒരാള്‍ക്ക് കഷ്ടിച്ച് നടന്നുപോകാന്‍ മാത്രം കഴിയുന്ന അവസ്ഥയിലേക്ക് ചുരുങ്ങി. രണ്ട് വര്‍ഷം മുമ്പ് സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ കോട്ടച്ചേരിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം പണിതിരുന്നു. സമാന രീതിയിലുള്ള പത്തോളം കേന്ദ്രങ്ങള്‍ തുറക്കുമെന്ന ഉറപ്പും ലഭിക്കുകയുണ്ടായി. എന്നാല്‍ ഒരു കാത്തിരിപ്പ് കേന്ദ്രം മാത്രമാണ് തുറന്നത്. കെഎസ്ടിപി റോഡ് നിര്‍മാണം തുടങ്ങിയതോടെ ഈ കേന്ദ്രം പൊളിച്ചുമാറ്റി. എന്നാല്‍ റോഡ് നിര്‍മാണം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
Next Story

RELATED STORIES

Share it