thrissur local

ബസ്‌സ്റ്റാന്റിന് മുന്നിലെ ഗ്രൗണ്ടില്‍ മാലിന്യ നിക്ഷേപം ; ദുരിതത്തിലായി യാത്രികരും കച്ചവടക്കാരും



തൃശൂര്‍: ശക്തന്‍തമ്പുരാന്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപമുള്ള ഗ്രൗണ്ടില്‍ മാലിന്യം നിക്ഷേപിച്ച് നഗരമധ്യത്തില്‍ മാലിന്യമല സൃഷ്ടിക്കുകയാണ് കോര്‍പറേഷന്‍ അധികൃതര്‍. പട്ടാളം മാര്‍ക്കറ്റില്‍ പഴയ വാഹനങ്ങളും സ്‌പെയര്‍ പാര്‍ട്‌സുകളും ആക്രി വസ്തുക്കളും കൂട്ടിയിട്ടിരുന്ന ഗ്രൗണ്ടിലാണ് കോര്‍പറേഷന്‍ അധികൃതര്‍ മാലിന്യം നിക്ഷേപിച്ച് നാറ്റിക്കുന്നത്. പാര്‍ക്കിങ് ഏരിയ നിര്‍മിക്കാനെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്ക് മുമ്പ് അവിടെ കൂട്ടിയിട്ടിരുന്ന പഴയ വാഹനങ്ങളും സ്‌പെയര്‍ പാര്‍ട്‌സുകളും കോര്‍പറേഷന്‍ അധികൃതര്‍ നീക്കം ചെയ്തിരുന്നു. ഇവിടെയാണ് പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും റോഡരുകില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ കോര്‍പറേഷന്‍ വാഹനത്തില്‍ എത്തിച്ച് നിക്ഷേപിക്കുന്നത്. മഴക്കാലം തുടങ്ങിയതോടെ മാലിന്യം ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നുണ്ട്. ബസ് സ്റ്റാന്റിലെത്തുന്ന നൂറുകണക്കിന് യാത്രക്കാരും സമീപത്തുള്ള കച്ചവടക്കാരും മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ബസ് സ്റ്റാന്റ് കെട്ടിടത്തിലേയും പട്ടാളം മാര്‍ക്കറ്റിലേയും കച്ചവടക്കാര്‍ രംഗത്തെത്തി. അതേസമയം, താല്‍ക്കാലികമായാണ് മാലിന്യം നിക്ഷേപിക്കുന്നതെന്നും ഉടന്‍ ഇവിടെ നിന്നും നീക്കം ചെയ്യുമെന്നും കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it