ബസ്സുകളില്‍ എമര്‍ജന്‍സി എക്‌സിറ്റ് പേരിലൊതുങ്ങുന്നു

റജീഷ് കെ സദാനന്ദന്‍

മലപ്പുറം: ബസ്സപകടങ്ങള്‍ ഉ ണ്ടാവുമ്പോള്‍ യാത്രക്കാരെ രക്ഷപ്പെടുത്താന്‍ നിര്‍ദേശിച്ച എമര്‍ജന്‍സി വാതിലുകള്‍ പേരില്‍ മാത്രമൊതുങ്ങുന്നു. കെഎസ്ആര്‍ടിസി ബസ്സുകളിലും സ്വകാര്യ ബസ്സുകളിലും നിലവില്‍ ഈ സംവിധാനമില്ല. പിന്‍വശത്തെ ചില്ലില്‍ എമര്‍ജന്‍സി എക്‌സിറ്റ് എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തുന്നതില്‍ കവിഞ്ഞ് അനിവാര്യമായ സുരക്ഷാസംവിധാനം നടപ്പാക്കുന്നതില്‍ ഗുരുതര അലംഭാവമാണ് ബസ്സുടമകളും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും തുടരുന്നത്. ഇക്കാര്യം പരിശോധിക്കേണ്ട മോട്ടോര്‍ വാഹന വകുപ്പിനും മൗനമാണ്.വാതിലുകള്‍ ഒരു വശത്തു മാത്രമായതിനാല്‍ ബസ്സുകള്‍ അപകടത്തില്‍പെടുമ്പോള്‍ ആഘാതം വര്‍ധിക്കുകയും രക്ഷാപ്രവര്‍ത്തനത്തില്‍ പ്രയാസം നേരിടുകയും ചെയ്യുന്നുണ്ട്. ഇതിന് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മോേട്ടാര്‍ വാഹന വകുപ്പ് പ്രത്യേക ഉത്തരവിലൂടെ ബസ്സുകളുടെ വലതു വശത്തും അവശ്യഘട്ടങ്ങളില്‍ തുറക്കാവുന്ന വാതിലുകള്‍ നിര്‍ബന്ധമാക്കിയത്. ഇതു പിന്നീട് പിന്നിലേക്കാക്കി നിശ്ചയിച്ചു. പിന്‍വശത്തെ ചില്ലുകള്‍ തുറക്കാവുന്ന വിധത്തിലുള്ള വാതിലുകളാക്കി ബസ്സുകളില്‍ എമര്‍ജന്‍സി എക്‌സിറ്റ് പ്രാവര്‍ത്തികമാക്കി. എന്നാലിപ്പോള്‍ ഇതു വെറും കെട്ടുകാഴ്ച മാത്രമായി മാറിയിരിക്കുന്നു. നേരത്തേ എമര്‍ജന്‍സി വാതിലുകള്‍ സ്ഥാപിച്ചിരുന്ന ബസ്സുകള്‍ പോലും ഇതൊഴിവാക്കിയാണ് നിലവില്‍ സര്‍വീസ് നടത്തുന്നത് എന്നതാണു ശ്രദ്ധേയം. മലപ്പുറം കോട്ടക്കലിനടുത്ത് പൂക്കിപ്പറമ്പില്‍ 2001 മാര്‍ച്ച് 11നുണ്ടായ ബസ്സപകടത്തെ തുടര്‍ന്നാണ് എമര്‍ജന്‍സി എക്‌സിറ്റ് വാതിലുകള്‍ നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയത്. സംഭവത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ബസ്സുകളില്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി വലതുവശത്ത് അത്യാവശ്യഘട്ടങ്ങളില്‍ തുറക്കാവുന്ന വാതില്‍ എന്ന നിര്‍ദേശം നടപ്പായത്. നിരത്തുകളില്‍ വാഹന ദുരന്തങ്ങ ള്‍ ആവര്‍ത്തിക്കുമ്പോള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള നിയമങ്ങള്‍ ഫലപ്രദമാക്കാന്‍ ശ്രമങ്ങളുണ്ടാവാത്തത് റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറമടക്കമുള്ള സംഘടനകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വാഹനയാത്രയില്‍ സുരക്ഷ ഉറപ്പാക്കേണ്ട നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഉത്തരവാദിത്തമുള്ള മോട്ടോര്‍ വാഹന വകുപ്പും പോലിസും തികഞ്ഞ അലംഭാവം തുടരുകയാണ്. ബസ്സുകളുടെ ക്ഷമതാപരിശോധനയില്‍ പോലും മോട്ടോ ര്‍ വാഹന വകുപ്പ് എമര്‍ജന്‍സി എക്‌സിറ്റ് സംവിധാനം വേണ്ട ഗൗരവത്തിലെടുക്കുന്നില്ല. ഓരോ അപകടങ്ങളുണ്ടാവുമ്പോഴും കാരണമന്വേഷിച്ച് വിശദമായ റിപോര്‍ട്ടുകള്‍ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ സര്‍ക്കാരിന് സമര്‍പ്പിക്കാറുണ്ട്. ഇതു പിന്നീട് പഠിച്ച് വേണ്ട നടപടികള്‍ പ്രായോഗികമാക്കാത്തതും നടപ്പില്‍ വരുത്തിയ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കാത്തതും ദുരന്തങ്ങള്‍ നിരത്തുകളില്‍ ആവര്‍ത്തിക്കാന്‍ കാരണമാവുന്നു.
Next Story

RELATED STORIES

Share it