ബസ്സും വാനും കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു; ഏഴുപേര്‍ക്ക് പരിക്ക്‌

നിലമ്പൂര്‍: മമ്പാട് പൊങ്ങല്ലൂര്‍ കുണ്ടുതോട് പാലത്തിന് സമീപം സ്വകാര്യ ബസ്സും ഒമ്‌നി വാനും കൂട്ടിയിടിച്ച്  കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. എടവണ്ണ ബസ് സ്റ്റാന്റിന് സമീപം ബേക്കറി നടത്തുന്ന ആലുങ്ങല്‍ അലി അക്ബര്‍ (42), സഹോദരി നസീറ (29), നസീറയുടെ മകള്‍ ദിയ (7), മറ്റൊരു സഹോദരിയുടെ മകള്‍ ഷിഫ ആയിഷ (19), സഹോദരന്‍ നാസറിന്റെ ഭാര്യ ഷിഫ (23) എന്നിവരാണ് മരിച്ചത്. ദിയ സംഭവസ്ഥലത്തും അലി അക്ബര്‍, ഷിഫ ആയിഷ, ഷിഫ എന്നിവര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നസീറ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്.
ജനവാസം കുറഞ്ഞ സ്ഥലത്താണ് അപകടം നടന്നത് എന്നതിനാല്‍ കൃത്യമായി എന്താണ് സംഭവിച്ചതെന്നു വ്യക്തമായിട്ടില്ല. ഷിഫ ആയിഷയുടെ മകന്‍ റയസ് റെയ്ഹാന്‍ (മൂന്ന് മാസം), സഹോദരന്‍ നാസറിന്റെ മകള്‍ സ്റ്റെസ (6 മാസം), സഹോദരി ഫൗസിയ (40), അലി അക്ബറിന്റെ മാതാവ് ആയിഷ (63), കുട്ടികളായ നജ്‌വ (8), നദ്‌വ (5) എന്നിവര്‍ പരിക്കുകളോടെ ചികില്‍സയിലാണ്.
അലി അക്ബറിന്റെ ഭാര്യ പ്രസവിച്ച് എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ്. ഇവരെയും കുഞ്ഞിനെയും കാണാനായാണ് ബന്ധുക്കള്‍ എല്ലാവരും ചേര്‍ന്ന് ഒരു വാഹനത്തില്‍ പോയത്. ആശുപത്രിയില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിലിടിച്ചത്. കുടുംബം സഞ്ചരിച്ച ഒമ്‌നി വാന്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ വന്ന ബസ്സില്‍ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു.
Next Story

RELATED STORIES

Share it