'ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടാല്‍ പേരും ചിത്രവും പ്രസിദ്ധീകരിക്കണം'

തിരുവനന്തപുരം: ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെടുകയാണെങ്കില്‍ പേരും ചിത്രവും പ്രസിദ്ധീകരിക്കണമെന്ന സോഷ്യല്‍ മീഡിയ കാംപയിനുമായി സ്ത്രീകള്‍. ഞാന്‍ വെറുമൊരു നമ്പര്‍ മാത്രമല്ല എന്ന ഹാഷ് ടാഗോടെയാണ് ഈ കാംപയിന്‍ പ്രചരിക്കുന്നത്.
ബലാല്‍സംഗത്തിന് ഇരയായവര്‍ കൊല്ലപ്പെട്ടാല്‍ പേരും ചിത്രവും പ്രസിദ്ധീകരിക്കരുതെന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണു കേരളത്തിലെ സ്ത്രീകള്‍ കാംപയിന്‍ ആരംഭിച്ചത്. കഠ്‌വ കൂട്ട ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കു ഡല്‍ഹി ഹൈക്കോടതി 10 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. ഞാന്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെടുകയാണെങ്കില്‍ ദയവായി എന്റെ ചിത്രം, പേരുവിവരങ്ങള്‍ എന്നിവ പ്രസിദ്ധപ്പെടുത്തുക. ഞാന്‍ വെറുമൊരു നമ്പറല്ലെന്ന് കാംപയിനുമായി പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്നു. മരണപ്പെട്ട സ്ത്രീക്കും അഭിമാനമുണ്ട് എന്നതാണ് ഇതിനായി കണ്ടെത്തിയ ന്യായീകരണം. പുരുഷ മേധാവിത്വ ചിന്താഗതിയുടെ ചങ്ങലകളാല്‍ എന്റെ പ്രിയരാജ്യത്തിന്റെ നിയമവ്യവസ്ഥ ഒരിക്കലും ബന്ധിക്കപ്പെടരുതെന്നു ഞാനാഗ്രഹിക്കുന്നു. എന്റെ മേല്‍ ഒരു കൊടുംകുറ്റവാളിയാല്‍ ചെയ്യപ്പെട്ട ഹീനമായ കുറ്റകൃത്യവുമായി എന്റെ അഭിമാനത്തിന് യാതൊരു ബന്ധവുമില്ല. ബലാല്‍സംഗമെന്ന നികൃഷ്ട പ്രവൃത്തിയോടുള്ള ഏറ്റവും കടുത്ത യുദ്ധം എന്റെ മരണ ശേഷവും തുടരാനാണ് ആഗ്രഹിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
Next Story

RELATED STORIES

Share it