Kollam Local

ബറാറി മുതല്‍ അജ്‌വ വരെ; ഈന്തപ്പഴ വിപണിയില്‍ തിരക്കേറി



കൊല്ലം: അജ്‌വ, ഹമ്പര്‍, സെറായ്, മജ്ദൂള്‍, സഫാവി, മബ്‌റൂം, സുക്കാരി, ബറാറി, ഫര്‍ദ്ദീന്, പേര്‍ണി, തൂണീസ്യ, മസ്രി... പേര് കേള്‍ക്കുമ്പോഴേ അറിയാം സംഗതി അറബിനാടുമായി ബന്ധമുള്ള എന്തോ ഒന്നാണെന്ന്. സംശയിക്കേണ്ട, അറബിനാട്ടില്‍ നിന്ന് വന്ന് റമദാന്‍ വിപണിയില്‍ നിറസാന്നിധ്യമായ ഈന്തപ്പഴങ്ങളുടെ വിവിധ ഇനങ്ങളാണ് ഇവയെല്ലാം. ഈന്തപ്പഴത്തിനായി ചെന്നാല്‍ ഏതെടുക്കണമെന്ന സംശയമാണ് ആളുകള്‍ക്ക്. നിറത്തിലും സ്വഭാവത്തിലും രുചിയിലും വൈവിധ്യമാര്‍ന്ന 30ല്‍പ്പരം ഇനങ്ങളാണ് റമദാന്‍ പ്രമാണിച്ച് വിപണിയില്‍ ഇടംപിടിച്ചിരിക്കുന്നത്.സൗദി, ജോര്‍ദാന്‍, ഒമാന്‍, ഇറാന്‍, തുണീസ്യ, ഇറാഖ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഈന്തപ്പഴങ്ങളാണ് വിപണിയിലെ പ്രധാന ആകര്‍ഷണം. യുഇഎയില്‍ നിന്നെത്തുന്ന ബറാറി ഇനം ഈന്തപ്പഴത്തിന് കിലോ 90 രൂപ മുതലാണ് വില. വിശുദ്ധ ഈന്തപ്പഴം എന്നറിയപ്പെടുന്ന സൗദിയിലെ അജ്‌വയ്ക്ക്് 2500 മുതല്‍ 2800 വരെയാണ് വില. വിവിധ ഗ്രേഡ് അനുസരിച്ച് വിലയില്‍ മാറ്റം വരും. രോഗങ്ങള്‍ക്ക് പ്രതിവിധിയായും അജ്  ഈന്തപ്പഴം ഉപയോഗിക്കുന്നതായി കച്ചവടക്കാര്‍ പറയുന്നു.നെപ്തതാലി, സുഖാരി തുടങ്ങിയ ഇടത്തരം ഇനങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയെന്ന് കല്ലുംതാഴം ത്വയ്യിബ കാഷ്യൂസ് ഉടമ മിന്‍ഹാജ് അബ്ദുല്‍ അസീസ് പറഞ്ഞു. സഫാവി-900, മജ്ദൂള്‍-1400, സഗായി-900, ജോര്‍ദാനിയന്‍ ഇനങ്ങളായ അസീദ-400, റുവാന-400, ഇറാന്‍ ഇനങ്ങളായ സോഫ്‌ഡെയില്‍സ്-400, തുര്‍ക്കിയുടെ ഫിഗ്-1000 എന്നിങ്ങനെ നീളുന്ന ഈന്തപ്പഴങ്ങളുടെ ഇനവും വിലയും. കഴിഞ്ഞ സീസണ്‍ അപേക്ഷിച്ച് ഇത്തവണ ചെറിയ വിലക്കുറവുണ്ട്. കടകളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. നൂതന പാക്കറ്റുകളിലെത്തുന്ന ഈന്തപ്പഴം മുതല്‍ ഗിഫ്റ്റ് പാക്കറ്റുകള്‍ വരെയുണ്ട്. ഗുണനിലവാരമുള്ള മുന്തിയ ഇനം പഴത്തിനാണ് ആവശ്യക്കാര്‍ ഏറെ. വില കൂടിയാലും ഗുണനിലവാരം കൂടിയിരിക്കണമെന്നുമാത്രം. ചാക്കിലത്തെുന്ന ഈന്തപ്പഴത്തിന്റെ വരവും കുറഞ്ഞിട്ടുണ്ട്.ഈന്തപ്പഴത്തിന് പുറമെ ബദാം, പിസ്ത, ഡ്രൈ ഫ്രൂട്‌സ് തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെയാണ്.
Next Story

RELATED STORIES

Share it