ബദല്‍ രേഖയും മതേതര മുന്നണിയും

അഡ്വ.  ജി  സുഗുണന്‍
32 വര്‍ഷം മുമ്പാണ് സിഎംപി രൂപീകൃതമായത്. ദേശീയ-സംസ്ഥാന രാഷ്ട്രീയരംഗത്ത് ഇക്കാലത്ത് വലിയ മാറ്റങ്ങളുണ്ടായി. ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളാണ് സിഎംപി രൂപീകരണത്തിന് ഇടയാക്കിയത്. അതു സംബന്ധിച്ച് എം വി രാഘവനും സിപിഎമ്മിലെ ഒരു ഡസനോളം സംസ്ഥാന നേതാക്കളും ചേര്‍ന്ന് തയ്യാറാക്കിയ ബദല്‍ രേഖ ഇപ്പോഴും പ്രസക്തവുമാണ്.
രാഷ്ട്രീയരംഗത്ത് വിവാദം സൃഷ്ടിച്ച ബദല്‍ രേഖയാണ് സിഎംപി രൂപവല്‍ക്കരണത്തിന്റെ അടിസ്ഥാന ശില. കേരളത്തില്‍ സ്വീകരിക്കേണ്ട ഐക്യമുന്നണി അടവുകളെപ്പറ്റി വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ 1985-86കളില്‍ സിപിഎമ്മില്‍ ഉണ്ടായി. ഇടതു മുന്നണിക്കെതിരായി നിലകൊള്ളുന്ന യുഡിഎഫ് അന്ന് കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തിരുന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് എങ്ങനെ മുന്നണി ശക്തിപ്പെടുത്താമെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ ഉണ്ടായത്.
പാര്‍ട്ടിനയത്തെപ്പറ്റി സ്വതന്ത്രവും കാര്യമാത്രപ്രസക്തവുമായ ചര്‍ച്ചകള്‍ നടത്തുന്നത് പാര്‍ട്ടിയെ ഏകീകരിക്കുന്നതിനു പ്രയോജനപ്രദവും ആവശ്യവുമാണെന്നാണ് സിപിഎം ഭരണഘടനയില്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് എന്നീ കക്ഷികളുമായുള്ള സഖ്യം പാര്‍ട്ടിയെ ഒറ്റപ്പെടുത്താനേ സഹായിക്കുകയുള്ളൂ എന്ന സിപിഎം കേന്ദ്ര കമ്മിറ്റി കത്തിനെതിരായി എം വി രാഘവന്‍, പുത്തലത്ത് നാരായണന്‍, പി വി കുഞ്ഞിക്കണ്ണന്‍, ഇ കെ ഇമ്പിച്ചിബാവ, ടി ശിവദാസ മേനോന്‍, വി വി ദക്ഷിണാമൂര്‍ത്തി, പാട്യം രാജന്‍, പി വി മൂസാന്‍കുട്ടി, സി കെ ചക്രപാണി എന്നീ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്നു നിലപാട് എടുത്തത്.
കേരളത്തില്‍ ലീഗ്, കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളുമായുള്ള മുന്നണി പാര്‍ട്ടിക്ക് പ്രയോജനപ്പെടുമെന്നും കേന്ദ്ര കമ്മിറ്റിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും സമര്‍ഥിച്ചുകൊണ്ട് ഒരു ഭിന്നാഭിപ്രായ കുറിപ്പ് സംസ്ഥാന കമ്മിറ്റിക്കു മുമ്പാകെയും പാര്‍ട്ടി സമ്മേളനത്തിനു മുമ്പാകെയും അവര്‍ അവതരിപ്പിച്ചു. കേരളാ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് കക്ഷികളുമായി ഒരുകാലത്തും ബന്ധപ്പെടില്ലെന്നു പ്രഖ്യാപിക്കുന്ന കേന്ദ്ര കമ്മിറ്റിയുടെ അഭിപ്രായം പാര്‍ട്ടിയെയും ബഹുജന പ്രസ്ഥാനത്തെയും മുസ്‌ലിം-ക്രിസ്ത്യന്‍ ജനസമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂ എന്ന് ബദല്‍ രേഖ ചൂണ്ടിക്കാട്ടി.
വിവിധ രംഗങ്ങളിലെ തൊഴിലാളികളെയും സാധാരണ ജനങ്ങളെയും പാര്‍ട്ടിയുമായി ബന്ധപ്പെടുത്താന്‍ അനുയോജ്യമായ നയമേ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കാവൂ എന്ന അംഗീകൃത നയത്തിന്റെ അടിസ്ഥാനത്തിലാണ് എം വി രാഘവനും കൂട്ടരും ഈ അഭിപ്രായം രേഖപ്പെടുത്തിയത്. സമൂഹത്തിലെ ഭൂരിപക്ഷത്തിലും ന്യൂനപക്ഷത്തിലുമുള്ള ജനങ്ങളെയാകെ വര്‍ഗാടിസ്ഥാനത്തില്‍ ഇടതുപക്ഷത്തോടൊപ്പം അണിനിരത്താന്‍ കഴിഞ്ഞാലേ ഇടതുപക്ഷത്തിന്റെ ലക്ഷ്യം നിറവേറ്റപ്പെടുകയുള്ളൂ.
തനിക്കെതിരായി കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരായി സംസ്ഥാന കമ്മിറ്റിക്ക് എ വി രാഘവന്‍ നല്‍കിയ കത്തില്‍ പറയുന്നു: ''ശരീഅത്ത് പോലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ പാര്‍ട്ടിയെ വര്‍ഗീയവാദികള്‍ മതവിരോധികളെന്നു മുദ്രകുത്തി മുസ്‌ലിം ജനവിഭാഗങ്ങളില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുമെന്നും അതു കണക്കിലെടുത്താലേ പാര്‍ട്ടിക്കു മുന്നോട്ടുപോകാന്‍ കഴിയൂ എന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു. അതു കണക്കിലെടുക്കാത്തതിന്റെ ഫലം മുസ്‌ലിം വര്‍ഗീയവാദികള്‍ ഒന്നിക്കുന്നിടത്തേക്കാണ് ചെന്നെത്തിയത്. മതവിരോധ പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തൊരിടത്തും വളര്‍ന്നിട്ടില്ല. നമ്മുടേത് ഒരു മതവിരുദ്ധ പ്രസ്ഥാനവുമല്ല.''
ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനും ന്യൂനപക്ഷവിരുദ്ധ നിലപാടുകളുമായി കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഇന്ന് രംഗത്തുവന്നിരിക്കുകയാണല്ലോ. ഭരണഘടനയിലെ മൗലികാവകാശങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ഈ അവകാശങ്ങള്‍ മൗലികമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നിര്‍ദേശക തത്ത്വങ്ങള്‍ ഭരണാധികാരികള്‍ക്ക് ഭരണഘടന നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളാണെങ്കില്‍ മൗലികാവകാശങ്ങള്‍ രാജ്യം അംഗീകരിച്ച പൗരന്‍മാരുടെ മുഖ്യമായ അവകാശങ്ങളുമാണ്. ഈ അവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും സാധ്യമല്ല. മൗലികാവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് നിര്‍ദേശക തത്ത്വങ്ങള്‍ നടപ്പാക്കുക അസാധ്യവുമാണ്. ഭരണഘടനയിലെ നിര്‍ദേശക തത്ത്വത്തിലെ ഒരു വ്യവസ്ഥയും ഒരു മൗലികാവകാശവും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ കോടതിക്ക് മൗലികാവകാശത്തെ മാത്രമേ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുകയുള്ളൂ.
രാജ്യത്തെ വര്‍ഗീയ ശക്തികളുടെ ഭരണക്കുത്തക അവസാനിപ്പിക്കാനും അവരുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും മതേതര പ്രസ്ഥാനങ്ങള്‍ക്കും വലിയ പങ്കാണുള്ളതെന്ന് എംവിആര്‍ പറഞ്ഞിരുന്നു. 1987ല്‍ തന്നെ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഇടതുപക്ഷ പാര്‍ട്ടികളും ജനാധിപത്യ-മതേതര പാര്‍ട്ടികളും യോജിച്ചുനില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ നിലയിലുള്ള അഭിപ്രായം ആദ്യമായി പറഞ്ഞ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു എംവിആര്‍.
അന്ന് ഈ അഭിപ്രായത്തെ മാനിക്കാന്‍ സിപിഎം അടക്കമുള്ള ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളും തയ്യാറായില്ല. എന്നാല്‍, പിന്നീട് ഈ പാര്‍ട്ടികള്‍ക്കെല്ലാം ബിജെപിക്കെതിരായ ഇടതുപക്ഷ-മതേതര ഐക്യത്തിന്റെ പ്രാധാന്യം ബോധ്യമായി. ആ നിലയില്‍ ഇടതു പാര്‍ട്ടികളും മതേതര പാര്‍ട്ടികളും ഒരു നിലപാട് കൈക്കൊണ്ടതുകൊണ്ടാണ് മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.
ബിജെപി ദേശീയ രാഷ്ട്രീയത്തില്‍ ഇന്നു ശക്തമായി പിടിമുറുക്കിയിരിക്കുകയാണ്. മതേതരത്വത്തെയും അതിന്റെ അടിസ്ഥാനത്തിലുള്ള നമ്മുടെ ഭരണഘടനയെ പോലും അവര്‍ വെല്ലുവിളിക്കുന്നു. വര്‍ഗീയ വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കുള്ള പ്രസക്തി അതുകൊണ്ടുതന്നെ ഇന്നു വര്‍ധിക്കുകയും ചെയ്തിരിക്കുന്നു.
ദലിതര്‍ക്കും സമൂഹത്തിലെ താഴേക്കിടയിലുള്ള ജനവിഭാഗങ്ങള്‍ക്കും എതിരായി വ്യാപകമായ കടന്നാക്രമണങ്ങളാണ് സംഘപരിവാര സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള ദലിതര്‍ ഈ കടന്നാക്രമണങ്ങള്‍ക്കെതിരായി ശക്തമായ ബാരിക്കേഡ് സൃഷ്ടിച്ചിരിക്കുന്നത് എടുത്തുപറയേണ്ടതാണ്. എന്ത് ആഹാരം കഴിക്കണമെന്ന മൗലികാവകാശത്തെ പോലും സംഘപരിവാര സംഘടനകള്‍ വെല്ലുവിളിക്കുകയാണ്. ബീഫ് കഴിച്ചാല്‍ കൊലപ്പെടുത്തുമെന്ന ഭീഷണിയും, അത്തരത്തിലുള്ള ഡസന്‍കണക്കിനു കൊലപാതകങ്ങളും രാജ്യത്ത് ഉണ്ടായി.
മൂന്നു പതിറ്റാണ്ടു കാലം യുഡിഎഫില്‍ ഉറച്ചുനിന്ന സിഎംപി മൂന്നു വര്‍ഷമായി അതിന്റെ രാഷ്ട്രീയ നിലപാട് മാറ്റുകയും ഇടതു മുന്നണിയുമായി സഹകരിച്ച് മുന്നോട്ടുപോവുകയുമാണ്. രാജ്യത്ത് നിലവിലുള്ള സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തെ നേരിടുന്നതിന് ഇടതുപക്ഷത്തിനു മാത്രമേ കഴിയുകയുള്ളൂ എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാട് കൈക്കൊണ്ടത്. കോണ്‍ഗ്രസ് അടക്കമുള്ള ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് വര്‍ഗീയ-ഛിദ്രശക്തികളുടെ പാര്‍ട്ടിയെയും സംഘപരിവാര സംഘടനകളെയും ഫലപ്രദമായി നേരിടാന്‍ കഴിയില്ല. വിപുലമായ ഇടതു മതേതര മുന്നണി ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ ആ കടമ നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ. ഈ ചുമതലയാണ് ഇപ്പോള്‍ ഇടതുപക്ഷം ഏറ്റെടുക്കേണ്ടത്.                                                             ി

(സിഎംപി കേന്ദ്ര സെക്രട്ടേറിയറ്റ്
അംഗമാണ് ലേഖകന്‍.)
Next Story

RELATED STORIES

Share it