thiruvananthapuram local

ബജറ്റ് അവതരണത്തിനിടെ നെയ്യാറ്റിന്‍കര നഗരസഭയില്‍ തമ്മിലടി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റവും ഏറ്റുമുട്ടലും. ഈരാറ്റിന്‍പുറത്ത് സ്വകാര്യ വ്യക്തിയില്‍ നിന്ന് നഗരസഭ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം സഭയിലുന്നയിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
വിഷയത്തിന് മറുപടി പറയാന്‍ നഗരസഭാധ്യക്ഷന്‍ തയ്യാറാവാതിരുന്നതോടെയാണ് പ്രതിപക്ഷം പ്രകോപിതരായത്. മറുപടി പറഞ്ഞശേഷം ബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്ന് പ്രതിപക്ഷം നിലപാടെടുത്തു. ഇതോടെ ഇരുപക്ഷവും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമായി.
ബജറ്റ് നിര്‍ദേശങ്ങളുടെ ചര്‍ച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസ് സിപിഎം കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടിയത്. ഈരാറ്റിന്‍പുറം ടൂറിസം പദ്ധതി പ്രദേശത്ത് സ്വകാര്യ വ്യക്തിയില്‍ നിന്ന് 18.50 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമി നഗരസഭയുടെ തന്നെ ഭൂമിയാണെന്ന് പ്രതിപക്ഷ നേതാവ് കെ ലളിത ആരോപണമുന്നയിച്ചു.
ഭൂമി വാങ്ങിയ വകയില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്നും അവര്‍ ഉന്നയിച്ചു. സ്റ്റാന്റിങ് കമ്മിയോഗത്തില്‍ പോലും തീരുമാനമെടുക്കാത്ത ഭൂമി വാങ്ങലിനെപ്പറ്റിയുള്ള വിശദീകരണം ചേര്‍പേഴ്‌സണും സെക്രട്ടറിയും പറയണമെന്നവര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രക്ഷുബ്ദമായ രംഗങ്ങള്‍ അരങ്ങേറിയത്.
ബിജെപി കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ വര്‍ഷ ബജറ്റിന്റെ ആവര്‍ത്തനമാണിതെന്ന് ആരോപിച്ച് ബജറ്റ് ബുക്ക് കത്തിച്ചു. യോഗനടപടികള്‍ ബഹിഷ്‌കരിച്ച് ഇറങ്ങിപോയി. പ്രതിപക്ഷ നേതാവ് ലളിത ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ആവര്‍ത്തന വിരസവും വികസന മുരടിപ്പും മാത്രമുള്ള ഈ ബജറ്റ് അംഗീകരിക്കാന്‍ കഴിയില്ലെന്നാരോപിച്ച് ഗ്രാമം പ്രവീണടക്കമുള്ള കൗണ്‍സിലര്‍മാര്‍ സഭവിട്ടുപോയി. ചര്‍ച്ചയ്‌ക്കൊടുവില്‍ നെയ്യാറ്റിന്‍കര നഗരസഭാ ബജറ്റ് അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it