kasaragod local

ബംബ്രാണ ഭൂമി പ്രശ്‌നം; കുമ്പള പഞ്ചായത്തിന്റെ റിവിഷന്‍ ഹരജി തള്ളി

കുമ്പള: ബംബ്രാണ ഭൂമി പ്രശ്‌നത്തില്‍ കുമ്പള പഞ്ചായത്ത് ലാന്റ് റവന്യൂ കമ്മിഷണര്‍ക്ക് നല്‍കിയ റിവിഷന്‍ ഹരജി തള്ളി. സീറോ ലാന്റ്‌ലെസ് പദ്ധതിയില്‍ 2014 ഫെബ്രുവരി 21ന് അനുവദിച്ച പട്ടയം കുമ്പള പഞ്ചായത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഭൂമി അളന്നു കൊടുക്കാതെ നിരവധി പോരാട്ടത്തിനൊടുവില്‍ 2016ലാണ് 11 കുടുംബങ്ങള്‍ക്ക് ഭൂമി അളന്ന് കൊടുത്തത്. ആദ്യം റവന്യൂ ഡിവിഷണല്‍ ഓഫിസര്‍ക്ക് പഞ്ചായത്ത്, ഭൂമിക്ക് അവകാശ വാദം ഉന്നയിച്ച് അപ്പീല്‍ നല്‍കിയിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ വിഷയം പഠിക്കുകയും രണ്ട് ഭാഗത്ത് നിന്നും ഹിയറിങ് നടത്തി 11 പട്ടയ ഉടമകള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് സംരക്ഷണ ത്തില്‍ ഭൂമി അളന്ന് കൊടുക്കുകയായിരുന്നു. ഇതിനെതിരെയാണ് കുമ്പള പഞ്ചായത്ത് ലാന്റ് റവന്യൂ കമ്മിഷണര്‍ക്ക് റിവിഷന്‍ ഹരജി നല്‍കിയത്.
കഴിഞ്ഞ ഫെബ്രുവരി 21ന് ഹിയറിങിനായി 11 പട്ടയ ഉടമകളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. പട്ടയ ഉടമകളില്‍ ഭൂരിഭാഗം പേരും വികലാംഗരും രോഗികളുമാണെന്ന കാര്യം ഭൂസമര സമിതി റവന്യൂ കമ്മിഷണറെ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് പോകാന്‍ സാധിക്കാത്തവര്‍ പ്രതിനിധിയെ അയച്ചാല്‍ മതിയെന്ന അറിയിപ്പിന്മേല്‍ അബ്ദുല്ല, ഖാസിം എന്നിവരും മറ്റുള്ളവരുടെ പ്രതിനിധിയായി ഭൂസമരസമിതി ജില്ലാ കണ്‍വീനര്‍ പി കെ അബ്ദുല്ല, അബ്ദുല്‍ ലത്തീഫ് കുമ്പള എന്നിവരും ഹാജരാവുകയായിരുന്നു. തുടര്‍ന്ന് ലാന്റ് റവന്യൂ കമ്മിഷണര്‍ ആര്‍ഡിഒ ഉത്തരവിനെതിരെ കുമ്പള പഞ്ചായത്ത് നല്‍കിയ റിവിഷന്‍ ഹരജി തള്ളിയതായും പ്രസ്തുത ഭൂമിക്ക് മേല്‍ പഞ്ചായത്തിന് യാതൊരവകാശവും ഇല്ല എന്നും ഉത്തരവിറക്കുകയായിരുന്നു.
Next Story

RELATED STORIES

Share it