Flash News

ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റം



കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) മുന്നേറ്റം. വോട്ടെടുപ്പ് നടന്ന ഏഴു മുനിസിപ്പാലിറ്റികളില്‍ നാലെണ്ണത്തില്‍ തൃണമൂല്‍ വിജയം കൊയ്തു. ദോംകല്‍, റായ്ഗഞ്ച്, പുജാലി, മിറിക് മുനിസിപ്പാലിറ്റികളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്. ഡാര്‍ജിലിങ് കുന്നുകളിലെ മൂന്നു മുനിസിപ്പാലിറ്റികളില്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച (ജിജെഎം) വിജയിച്ചു. ഡാര്‍ജിലിങ്, കുര്‍സിയോങ്, കാലിപോങ് മുനിസിപ്പാലിറ്റികളിലാണ് ജിജെഎം ജയിച്ചത്. മുര്‍ഷിദാബാദ് ജില്ലയിലെ ദോംകലില്‍ ആകെയുള്ള 21 സീറ്റില്‍ 18 എണ്ണം ടിഎംസി കരസ്ഥമാക്കി. കോണ്‍ഗ്രസ്സിന് രണ്ടു സീറ്റും സിപിഎമ്മിന് ഒരു സീറ്റും ലഭിച്ചു. സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ സ്വാധീനത്തിന് അടിവരയിടുന്നതാണ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പു ഫലം. സഖ്യമായി മല്‍സരിച്ച രണ്ടു പ്രധാന പ്രതിപക്ഷ കക്ഷികളായ ഇടതുപക്ഷത്തിനും കോണ്‍ഗ്രസ്സിനും കൂടി ആകെ ആറ് സീറ്റ് മാത്രമാണ് ലഭിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണുംനട്ട് മല്‍സരിച്ച ബിജെപിക്കും കാര്യമായ പ്രകടനം കാഴ്ചവയ്ക്കാനായില്ല. മൂന്നു സീറ്റ് മാത്രമാണ് പാര്‍ട്ടിക്കു ലഭിച്ചത്. ഉത്തര ദിനാജ്പൂരിലെ റായ്ഗഞ്ച് മുനിസിപ്പാലിറ്റിയില്‍ ബിജെപി ഒരു സീറ്റില്‍ ജയിച്ചു. ദക്ഷിണ 24 പര്‍ഗാനാസിലെ പൂജാലിയില്‍ രണ്ടു സീറ്റിലും ജയിച്ചു. റായ്ഗഞ്ചില്‍ 27 വാര്‍ഡുകളില്‍ 24ഉം ടിഎംസി നേടി. കോണ്‍ഗ്രസ്സിന് രണ്ടു സീറ്റ് കിട്ടി. പുജാലി മുനിസിപ്പാലിറ്റിയിലെ 16 വാര്‍ഡുകളില്‍ 12ലും ജയിച്ചത് ടിഎംസിയാണ്. കോണ്‍ഗ്രസ്സിന് ഒരു സീറ്റ് ലഭിച്ചു. ഒരു സ്വതന്ത്രനും ജയിച്ചു. ഡാര്‍ജിലിങ് മുനിസിപ്പാലിറ്റിയില്‍ 32 സീറ്റില്‍ 31ലും ജിജെഎം വിജയിച്ചു. ടിഎംസിക്ക് ഒരു സീറ്റ് ലഭിച്ചു. കുര്‍സിയോജില്‍ ജിജെഎം 17 സീറ്റും ടിഎംസി മൂന്നു സീറ്റും കരസ്ഥമാക്കി.
Next Story

RELATED STORIES

Share it