ബംഗളൂരു ബാറില്‍ തീപ്പിടിത്തം; അഞ്ചു തൊഴിലാളികള്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവിലെ ബാര്‍ റസ്റ്റോറന്റിലുണ്ടായ അഗ്നിബാധയില്‍ അഞ്ചുപേര്‍ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. കലാസിപാള്യ മേഖലയിലെ 70 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. സ്വാമി (23), പ്രസാദ് (20), മഹേഷ്, മഞ്ജുനാഥ് (45), കീര്‍ത്തി (24) എന്നിവരാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞു. കൈലാസ് ബാര്‍ ആന്റ് റസ്റ്റോറന്റ് സ്ഥിതിചെയ്യുന്ന താഴെ നിലയിലായിരുന്നു തീപ്പിടിത്തം. തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ലെന്നു പോലിസ് അറിയിച്ചു. റസ്റ്റോറന്റ് ആന്റ് ബാര്‍ ഉടമ പി ആര്‍ ദയാശങ്കര്‍ ഒളിവിലാണ്. തൊഴിലാളികളുടെ സുരക്ഷ ഉടമയുടെ ഉത്തരവാദിത്തമാണെന്നും ദയാശങ്കറെ അറസ്റ്റ് ചെയ്യണമെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.റെഡ്ഡിയും ബംഗളൂരു വികസന മന്ത്രി കെ ജെ ജോര്‍ജും സംഭവസ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തില്‍ ചട്ടലംഘനം നടത്തിയ നിരവധി ബാറുകള്‍ മുദ്രവച്ചെന്നും മറ്റു ചിലതിന് നോട്ടീസയച്ചെന്നും ബംഗളൂരു മേയര്‍ സമ്പത്ത് രാജ് അറിയിച്ചു.
Next Story

RELATED STORIES

Share it