World

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് യുഎസ് തീരത്തെത്തി

വാഷിങ്ടണ്‍: ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് യുഎസിലെ നോര്‍ത്ത് കാരലൈനയിലെത്തി. ചുഴലിക്കാറ്റിനൊപ്പം മണ്ണിടിച്ചിലും കനത്ത മഴയും തുടരുന്നുണ്ട്്. ഇത് പ്രളയത്തിനു കാരണമാവുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. നോര്‍ത്ത് കാരലൈന വില്ലിങ്ടണ്ണിലെ റൈറ്റ്‌സ് വില്ലെ ബീച്ചിലാണ് ഫ്‌ളോറന്‍സ് ആദ്യം എത്തിയത്. കാറ്റഗറി ഒന്നിലേക്കു മാറിയെങ്കിലും ചുഴലിക്കാറ്റില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. കാറ്റിന്റെ വേഗം മണിക്കൂറില്‍ 150 കിലോമീറ്ററാണ്. കനത്ത മഴയും കാറ്റും മണ്ണിടിച്ചിലിനു കാരണമായിരിക്കുകയാണ്. കനത്ത മഴ മൂന്നു ദിവസം കൂടി തുടരുമെന്നാണ് റിപോര്‍ട്ട്.
തീരദേശമായ കാരലൈനയില്‍ വെള്ളപ്പൊക്ക ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ജലനിരപ്പ് ഉയരുന്നതിനാല്‍ ന്യൂബേണ്‍ നഗരത്തില്‍ നിന്നു 100ലധികം പേരെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചു. 150ഓളം പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്. വീടുകളിലെ ഉയരം കൂടിയ ഭാഗങ്ങളിലേക്ക് കയറിനില്‍ക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
3,84,000 ഉപഭോക്താക്കളുടെ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. സാധാരണ നിലയേക്കാള്‍ 10 അടി ഉയരത്തിലാണ് മോര്‍ഹെഡ് നഗരത്തില്‍ തിരമാലകള്‍ ഉയരുന്നത്. മേല്‍ക്കൂര തകര്‍ന്നതിനെ തുടര്‍ന്ന് തീരദേശ ഹോട്ടലില്‍ നിന്ന് 60 പേരെ ഒഴിപ്പിച്ചു. 1300 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഒരു മീറ്ററിലധികം മഴയാണ് ലഭിക്കുന്നതെന്നു നാഷനല്‍ ഹരികെയ്ന്‍ സെന്റര്‍ അറിയിച്ചു. ചുഴലിക്കാറ്റ് കടന്നുപോവുന്ന പ്രദേശങ്ങളില്‍ ഏകദേശം ഒരുകോടി ജനങ്ങളാണ് താമസിക്കുന്നത്.
നിലവില്‍ 10 ലക്ഷത്തിലധികം ആളുകളെയാണ് ഒഴിപ്പിച്ചിട്ടുള്ളത്. സൗത്ത് കാരലൈന, വെര്‍ജീനിയ, മേരിലന്‍ഡ്, വാഷിങ്ടണ്‍ ഡിസി എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ ജോര്‍ജിയയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സൗത്ത് കാരലൈന, നോര്‍ത്ത് കാരലൈന, വെര്‍ജീനിയ എന്നിവിടങ്ങളില്‍ നിന്നു 17 ലക്ഷം പേരെ നേരത്തേ ഒഴിപ്പിച്ചിരുന്നു. 52.5 ലക്ഷം പേര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it