kannur local

ഫ്‌ളക്‌സുകള്‍ക്ക് വിട; കണ്ണൂരില്‍ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് ഇനി തുണി

കണ്ണൂര്‍: പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണ പരിപാടികളില്‍ ഫഌക്‌സുകള്‍ക്ക് പകരം തുണി ഉപയോഗിക്കുമെന്ന് പ്രഖ്യാപനം. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സാന്നിധ്യത്തില്‍ കലക്്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ജില്ലാതല പ്രഖ്യാപനം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് മേയര്‍ ഇ പി ലത, പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ നേരത്തേ വിളിച്ചുചേര്‍ത്ത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലെുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രഖ്യാപനം.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫഌക്‌സ് ഉപയോഗിക്കില്ലെന്ന്  പാര്‍ട്ടികള്‍ എടുത്ത തീരുമാനം മാതൃകാപരമാണെന്നും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം ശക്തമാക്കാന്‍ ഇതു സഹായകമാവുമെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കോര്‍പറേഷന്‍ പ്രദേശത്ത് ഇനിമുതല്‍ ഫഌക്‌സ് ബോര്‍ഡുകള്‍ അനുവദിക്കില്ലെന്നും ഉപയോഗിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേയര്‍ ഇ പി ലത വ്യക്തമാക്കി. പാര്‍ട്ടികളുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു. ഫഌക്‌സ് ഒഴിവാക്കുന്ന നിര്‍ദേശം എല്ലാ പാര്‍ട്ടികളും താഴേത്തട്ടിലേക്ക് എത്തിക്കണം. ജൂണ്‍ അഞ്ചിനുശേഷം ഫഌക്‌സ് ബോര്‍ഡുകളും ബാനറുകളും നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫഌക്‌സിനു പകരം തുണി ഉപയോഗിക്കുമെന്ന ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രഖ്യാപനം രാജ്യത്തുതന്നെ ആദ്യത്തെ സംഭവമായിരിക്കുമെന്ന് ജില്ലാ കലക്്ടര്‍ മീര്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക് കാരിബാഗും ഡിസ്‌പോസബിള്‍സും ഒഴിവാക്കി മാതൃക കാട്ടിയ ജില്ലയ്ക്ക് ഫഌക്‌സിന്റെ കാര്യത്തിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
പുനചംക്രമണം സാധ്യമല്ലാത്ത ക്ലോറിനേറ്റഡ് ഫഌക്‌സ് കത്തിക്കുമ്പോള്‍ ഉണ്ടാവുന്ന ഡയോക്‌സിന്‍, ഫ്യൂറാന്‍ തുടങ്ങിയ വാതകങ്ങള്‍ കാന്‍സറിന് കാരണമാവുമെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇത്തരം മള്‍ട്ടി ലെയര്‍ പ്ലാസ്റ്റിക്കുകളുടെ ഉല്‍പാദനവും ഉപയോഗവും നിര്‍ത്തലാക്കാന്‍ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍ വ്യക്തമാക്കിയിരുന്നു. പി വി ഗോപിനാഥ് (സിപിഎം), പൊന്നമ്പത്ത് ചന്ദ്രന്‍ (ഐഎന്‍സി), അന്‍സാരി തില്ലങ്കേരി (മുസ്്‌ലിംലീഗ്), കെ രാധാകൃഷ്ണന്‍ (ബിജെപി), സി പി ഷൈജന്‍ (സിപിഐ), യു ബാബു ഗോപിനാഥ് (കോണ്‍ഗ്രസ്-എസ്), പി പി ദിവാകരന്‍ (ജനതാദള്‍-എസ്), ജോണ്‍സണ്‍ പി തോമസ് (ആര്‍എസ്പി), സി വി ശശീന്ദ്രന്‍ (സിഎംപി), രതീഷ് ചിറക്കല്‍ (കേരള കോണ്‍ഗ്രസ്-ബി), കെ വി സലീം, അബ്ദുര്‍റഷീദ് (ഐഎന്‍എല്‍ഡി), ബര്‍ണബാസ് ഫെര്‍ണാണ്ടസ് (വെല്‍ഫെയര്‍ പാര്‍ട്ടി) പങ്കെടുത്തു.
Next Story

RELATED STORIES

Share it