ernakulam local

ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ ഫെറി സര്‍വീസ് നിര്‍ത്തിവയ്പ്പിച്ചു



മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി—വൈപ്പിന്‍ ഫെറി സര്‍വീസ് പോലിസ് നിര്‍ത്തിവയ്്പ്പിച്ചു. പാപ്പിയെന്ന ബോട്ട് ഓടിക്കുന്ന സ്രാങ്കിന് ലൈസന്‍സില്ലായെന്ന് പോലിസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. നൂറ് കണക്കിന് ആളുകള്‍ ദിനംപ്രതി യാത്ര ചെയ്യുന ഫെറിയില്‍ സര്‍വീസ് നടത്തുന്ന ബോട്ട് ഓടിക്കുന്നയാള്‍ക്ക് ലൈസന്‍സ് ഇല്ലായെന്ന് സിറ്റി പോലിസ് കമ്മീഷ്ണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പാപ്പി നിരീക്ഷണത്തിലായിരുന്നു. ലൈസന്‍സുള്ളയാളായിരുന്നു നേരത്തേ ബോട്ട് ഓടിച്ചിരുന്നത്. ഇയാള്‍ കുടുംബ സംബന്ധമായ ആവശ്യത്തിന് അവധിയില്‍ പോയതിനെ തുടര്‍ന്നാണ് ലൈസന്‍സ് ഇല്ലാത്തയാള്‍ ബോട്ട് ഓടിച്ചതെന്നാണ് ജീവനക്കാര്‍ പോലിസിനോട് പറഞ്ഞത്. ലൈസന്‍സ് ഉള്ളയാള്‍ എത്തിയതിന് ശേഷം മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം പോലിസ് നല്‍കുകയായിരുന്നു. പതിനൊന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് ദുരന്തത്തിന് ശേഷമാണ് ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ ഫെറിയില്‍ പാപ്പി സര്‍വീസ് നടത്തി തുടങ്ങിയത്. ആലപ്പുഴയിലെ കൈനകരിയില്‍ നീന്ന് കാര്‍ഷിക ആവശ്യത്തിന് ഉപയോഗിച്ചിരുന്ന ബാര്‍ജ് കൊച്ചിയിലെത്തിച്ച് ബോട്ടായി രൂപാന്തരപ്പെടുത്തുകയായിരുന്നു. സ്‌കൂള്‍ തുറക്കുന്ന സമയം കൂടിയായതിനാലാണ് ബോട്ടില്‍ പരിശോധന നടത്താന്‍ കമ്മീഷ്ണര്‍ മട്ടാഞ്ചേരി അസി.കമ്മീഷ്ണര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഫോര്‍ട്ട്‌കൊച്ചി അഡീഷണല്‍ എസ്‌ഐ രമേശന്‍, എഎസ്‌ഐ രഘുനന്ദന്‍, ഗോപാലന്‍, സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോട്ട് ഓടിക്കുന്നയാള്‍ക്ക് ലൈസന്‍സ് ഇല്ലായെന്ന് കണ്ടെത്തിയത്. നഗരസഭയുടെ നിയന്ത്രണത്തില്‍ നടക്കുന്ന സര്‍വീസില്‍ ബോട്ട് ഓടിക്കുന്നയാള്‍ക്ക് ലൈസന്‍സ് ഇല്ലായെന്നത് അധികൃതരുടെ നിസംഗതയാണ് വെളിപ്പെടുത്തുന്നത്. ലൈസന്‍സ് ഇല്ലാതെ ബോട്ട് ഓടിച്ചതിന് വൈപ്പിന്‍ തേരാക്കല്‍ വീട്ടില്‍ ജോര്‍ജിനെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it