ernakulam local

ഫോര്‍ട്ട്‌കൊച്ചിയില്‍ കടല്‍ ഉള്‍വലിഞ്ഞു

മട്ടാഞ്ചേരി: കേരള തീരത്ത് ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ കടല്‍ ഉള്‍വലിഞ്ഞത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തി. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് ഫോര്‍ട്ട്‌കൊച്ചിയില്‍ കടല്‍ ഒരു കിലോമീറ്ററോളം ഉള്‍വലിഞ്ഞത്. ഇതോടെ വിനോദ സഞ്ചാരികളും കച്ചവടക്കാരും പരിഭ്രാന്തരായി. ഇന്നലെ രാവിലെ മുതല്‍ തന്നെ തണുത്ത കാറ്റ് വീശി തുടങ്ങിയതും മൂടിക്കെട്ടിയ അന്തരീക്ഷവും ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയിരുന്നു. ഇതിനിടെ തെക്കന്‍ ജില്ലകളില്‍ കനത്ത കാറ്റും മഴയും പെയ്യുന്നതായുള്ള വിവരം എത്തുകയും കടല്‍ വലിയുകയും ചെയ്തതോടെ പോലിസ് കടപ്പുറത്തെത്തി സഞ്ചാരികളേയും കച്ചവടക്കാരേയും ഒഴിപ്പിച്ചു. ഫോര്‍ട്ട്‌കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി രാജ്കുമാറിന്റെ നേതൃത്വത്തിലാണ് പോലിസ് സുരക്ഷയുടെ ഭാഗമായി എല്ലാവരേയും ഒഴിപ്പിച്ചത്. കടപ്പുറത്തേക്കുള്ള പ്രവേശന കവാടകങ്ങളെല്ലാം പോലിസ് അടച്ചു. അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തേക്ക് പ്രവേശനം നിരോധിച്ചതായുള്ള ബോര്‍ഡും പോലിസ് സ്ഥാപിച്ചു. പോലിസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ തോപ്പുംപടി പോലിസിന്റെ നേതൃത്വത്തില്‍ ഹാര്‍ബറിലും മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. മല്‍സ്യബന്ധനത്തിനായി കടലില്‍പോയ മുഴുവന്‍ മല്‍സ്യത്തൊഴിലാളികളേയും കോസ്റ്റല്‍ പോലിസ് തിരികെ വിളിപ്പിച്ചു.  ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ ഫെറി സര്‍വീസും നിര്‍ത്തി വച്ചു. അതേസമയം ജങ്കാര്‍ സര്‍വീസ് മുടക്കിയില്ല.  പോലിസും ജില്ലാ ഭരണകൂടവും മൈക്കിലൂടെ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി പ്രദേശത്ത് റോന്ത് ചുറ്റി.
Next Story

RELATED STORIES

Share it