kozhikode local

ഫെയര്‍വേജസ് വിതരണം ചെയ്യുന്നില്ല: വടകരയില്‍ ഡിസംബര്‍ 8 മുതല്‍ സ്വകാര്യ ബസ് സമരം

വടകര: വടകര താലൂക്കിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ നിയമാനുസൃതമുള്ള ഫെയര്‍വേജസ് വിതരണം ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി ഡിസംബര്‍ 8 മുതല്‍ പണിമുടക്കുമെന്ന് യൂണിയന്‍ നേതൃത്വം അറിയിച്ചു. 2015 ജനുവരി 1 മുതലാണ് പുതുക്കിയ ഫെയര്‍വേജസ് വിതരണം ചെയ്യേണ്ടത്.
പുതുക്കിയ നിരക്കില്‍ ഡ്രൈവര്‍ക്ക് 15600 രൂപയും കണ്ടക്ടര്‍ക്ക് 15100 രൂപയും ക്ലീനര്‍ക്ക് 14600 രൂപയും അടിസ്ഥാന വേതനം നല്‍കണം. ക്ഷാമ ബത്ത ഇനത്തില്‍ 1425 രൂപയും വീട് വാടക അലവന്‍സ് 150 രൂപയും വാഷിംഗ് അലവന്‍സ് 60 രൂപയും നല്‍കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ക്ക് മാസ ശമ്പളമായി 17235 രൂപയും കണ്ടക്ടര്‍ക്ക് 16735 രൂപയും ക്ലീനര്‍ക്ക് 16235 രൂപയും മാസ വേതനമായും ദിവസ വേതനമായി യഥാക്രമം 849, 825, 800 നിരക്കില്‍ നല്‍കുകയും വേണം.
എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത രീതിയില്‍ വേതനം നല്‍കാനാണ് ബസ് ഉടമസ്ഥ സംഘം ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് യൂനിയന്‍ യോഗം കുറ്റപ്പെടുത്തി. സൗഹാര്‍ദപരമായി പരിഹരിക്കേണ്ട വിഷയത്തില്‍ സമരം ക്ഷണിച്ചു വരുത്തുന്ന രീതിയിലാണ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷ ന്‍ പ്രതികരിച്ചതെന്നും സംയുക്ത തൊഴിലാളി യൂനിയന്‍ കുറ്റപ്പെടുത്തി. യോഗത്തില്‍ എം. ബാലകൃഷ്ണന്‍ അധ്യക്ഷനായി. കെ.വി രാമചന്ദ്രന്‍, എ സതീഷന്‍, പൂത്തൂര്‍ അശോകന്‍, നാരായണ നഗരം പത്മനാഭന്‍, മീനത്ത് മൊയ്തു, വിനോദ് ചെറിയത്ത്, വി.ആര്‍ രമേശ്, കെ.കെ അനില്‍കുമാര്‍ സംസാരിച്ചു.
അതേസമയം എല്ലാ ബസുകളിലും പുതുക്കിയ ഫെയര്‍വേജസ് വിതരണം ചെയ്യുന്നുണ്ടെന്നും സി.ഐ.ടി.യു തൊഴിലാളി യൂണിയനാണ് കാര്യങ്ങള്‍ വഷളാക്കുന്നതെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ബസുടമകളും തൊഴിലാളികളും തമ്മില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയിലാണ് സി.ഐ.ടി.യു യൂണിയന്റെ പ്രവര്‍ത്തണമെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി.
പുതിക്കിയ ഫെയര്‍വേജസ് പ്രകാരം ഡ്രൈവര്‍ക്ക് ഡി.എ അടക്കം പ്രതിമാസം 17060 രൂപയാണ് നല്‍കേണ്ടത്. കോഴിക്കോട് ഡി.എല്‍.ഒ മുഖേന ഒത്തുതീര്‍പ്പ് പ്രകാരമാണ് ഫെയര്‍വേജസ് നിജപ്പെടുത്തിയത്. മാസ ശമ്പളം ഒരു ദിവസത്തേക്ക് വീതിക്കുമ്പോള്‍ ഡ്രൈവര്‍ക്ക് 840 രൂപയും കണ്ടക്ടര്‍ക്ക് 816 രൂപയും ക്ലീനര്‍ക്ക് 792 രൂപയുമാണ് നല്‍കേണ്ടത്. എല്ലാ ബസുകള്‍ പുതിക്കിയ ഘടന പ്രകാരം ഫെയര്‍ വേജസ് വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ എല്ലാവരും അംഗീകരിച്ച വ്യവസ്ഥക്ക് വിരുദ്ധമായി സി.ഐ.ടി.യു രംഗത്തു വരികയായിരുന്നു. ഡ്രൈവര്‍ക്ക് പ്രതിദിന വേതനം 861 രൂപയാണെന്ന് പറഞ്ഞുള്ള യൂണിയന്റെ പേരിലുള്ള പോസ്റ്ററുകള്‍ വടകര സ്റ്റാന്റിലും മറ്റും പതിക്കുകയുണ്ടായി. പിന്നീട് 849 രൂപയാണ് ഡ്രൈവര്‍ക്ക് നല്‍കേണ്ടതെന്ന് യൂണിയന്‍ പരസ്യപ്പെടുത്തി. സി.ഐ.ടി.യു യൂണിയന്റെ നീക്കങ്ങള്‍ സ്വകാര്യ ബസ് മേഖലയില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഇത്തരം നീക്കങ്ങളില്‍ നിന്ന് യൂണിയന്‍ പിന്മാറണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it