ഫെഡറല്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് മുല്ലപ്പെരിയാര്‍ ഡാം ഡികമ്മീഷന്‍ ചെയ്യണം

കൊച്ചി: ഫെഡറല്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ റിട്ട്ഹരജി സമര്‍പ്പിച്ചതായി അഡ്വ. റസല്‍ ജോയി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിദഗ്ധാഭിപ്രായപ്രകാരം മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രവര്‍ത്തനശേഷിയുടെ കാലയളവ് കഴിഞ്ഞിട്ട് 71 വര്‍ഷമായെന്നും ഏത് സമയത്തും തകരാവുന്ന അപകടാവസ്ഥയിലാണ് ഡാമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ ഡാം അതോറിറ്റി മേധാവി ഹിമാന്‍ഷു ഠാക്കൂര്‍ അടുത്തിടെ മുല്ലപ്പെരിയാര്‍ ഡാമില്‍ നടത്തിയ പരിശോധനയില്‍ ഡാമിന്റെ 22 ബ്ലോക്കുകളില്‍ 18 എണ്ണവും വളരെ വലിയ രീതിയില്‍ ചോര്‍ന്നൊലിക്കുകയാണെന്ന് കണ്ടെത്തിയിരുന്നു. ഈ അവസ്ഥയില്‍ എത്രയും വേഗം ആവശ്യമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്.
ഡാം ഡീകമ്മീഷന്‍ ചെയ്യുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ കാര്യങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഡാം ഡീകമ്മീഷന്‍ ചെയ്യേണ്ട തിയ്യതി വിദഗ്ധസമിതി തീരുമാനിക്കണമെന്നും അത് സുപ്രിംകോടതിയില്‍ ശുപാര്‍ശ ചെയ്യാന്‍ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. വിദഗ്ധ സമിതി തീരുമാനിക്കുന്ന ദിവസത്തിനു മുമ്പ് ഡാമിന് തകര്‍ച്ചയുണ്ടായാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രധാനമന്ത്രിയെ ഒന്നാം എതിര്‍കക്ഷിയും കേരള സര്‍ക്കാര്‍, കേന്ദ്ര വാട്ടര്‍ കമ്മീഷന്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റി എന്നിവരെ മറ്റു എതിര്‍ കക്ഷികളുമാക്കിയാണ് അഡ്വ. റസല്‍ ജോയി റിട്ട്ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it