ernakulam local

ഫിഫ അണ്ടര്‍ 17: പ്രചരണ പരിപാടികള്‍ ഇന്ന് സമാപിക്കും



കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനു മുന്നോടിയായി സംസ്ഥാന കായിക വകുപ്പും സ്‌പോര്‍ടസ് കൗണ്‍സിലും സംയുക്തമായി നടത്തി വന്ന പ്രചരണ പരിപാടികള്‍ ഇന്ന് സമാപിക്കുമെന്ന് സ്‌പോര്‍ടസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി പി ദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട് നിന്നാരംഭിച്ച ദിപശിഖ പ്രയാണവും പാറശാലയില്‍ നിന്നാരംഭിച്ച ബോള്‍ റണ്ണും ഇന്ന് എറണാകുളം വൈറ്റിലയില്‍ സംഗമിക്കും. തുടര്‍ന്ന് നാലുമണിയോടെ ഇവിടെ നിന്നും എറണാകൂളം ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ എത്തിച്ചേരും. മന്ത്രി എ സി മൊയ്തീന്‍ ഇവ രണ്ടും സ്വീകരിച്ച് മൈതാനിയിലെ പ്രത്യേകം തയാറാക്കിയ വേദിയില്‍ സ്ഥാപിക്കും. ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് കഴിയുന്നതു വരെ ഇത് ഇവിടെ ഉണ്ടാകും. ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം കുട്ടികള്‍ക്കായുള്ള ഗോളടി മല്‍സരമുള്‍പ്പെടെ വിവിധ പരിപാടികളും മൈതാനത്ത് നടത്തും. ഫുട്‌ബോള്‍ മല്‍സരത്തിന്റെ തല്‍സമയ സംപ്രേഷണം കാണാനും അവസരം ഉണ്ടാവും. വലിയ സ്‌ക്രീന്‍ സ്ഥാപിച്ചായിരിക്കും മല്‍സരം കാണാന്‍ അവസരമൊരുക്കുന്നതെന്നും ടി പി ദാസന്‍ പറഞ്ഞു. ചാംപ്യന്‍ഷിപ്പിന്റെ പ്രചരണാര്‍ഥം നടത്തിയ വണ്‍മില്യണ്‍ ഗോള്‍ പ്രോഗ്രാം വന്‍ വിജയമായിരുന്നു. വന്‍ ജനപങ്കാളിത്തമാണ് പദ്ധതിക്ക് ലഭിച്ചത്. ഇതിലൂടെ രണ്ടു മില്യണ്‍ ഗോള്‍ അടിച്ചതായാണ് കണക്കുകളിലൂടെ വ്യക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it