ernakulam local

ഫാഷിസ്റ്റ് വിലക്കുകള്‍ കേരളത്തില്‍ വിലപ്പോവില്ല : കമല്‍



കൊച്ചി: വിലക്കുകള്‍ നല്ല സിനിമയുണ്ടാക്കുന്നതിനെയോ അവ കാണുന്നതിനെയോ ഒരു തരത്തിലും ബാധിക്കില്ലെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍.  എറണാകുളം പ്രസ് ക്ലബിന്റെയും ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും സഹകരണത്തോടെ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ  കേരളം സംഘടിപ്പിച്ച 11ാമത് സൈന്‍സ് ഷോര്‍ട്ട് ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ സമാപനവും അവാര്‍ഡ്ദാന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ ചില ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ടായിരുന്നെങ്കിലും അവ പിന്നീട് പല സമാന്തര ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിക്കാനായത് ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.  കേരളത്തില്‍ ഫാഷിസ്റ്റ് ശക്തികളുടെ വെല്ലുവിളികള്‍ വിലപ്പോവില്ലെന്നും ഇതിലൂടെ തെളിയിക്കാനായെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ സാംസ്‌കാരിക ഉന്നമനത്തിന് ഫിലിം സൊസൈറ്റി പ്രസ്ഥാനം വഹിച്ച പങ്ക് നിസ്തുലമാണെന്നും കമല്‍ പറഞ്ഞു. ഡിജിറ്റല്‍ സിനിമയുടെ ഇക്കാലത്ത് ഫിലിം സൊസൈറ്റികള്‍ക്ക് അവയുടെ പ്രഭാവം തിരിച്ചുപിടിക്കാനാവുമെന്നും കമല്‍ പറഞ്ഞു. ഇന്ത്യയില്‍ ഷോര്‍ട്ട് ഫിക്ഷന്‍ ഫിലിം വിഭാഗം വളരെ കാലമായി നിശ്ചലാവസ്ഥയിലാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ജ്യൂറി ചെയര്‍മാന്‍ അമൃത് ഗാംഗര്‍ പറഞ്ഞു. ഫെസ്റ്റിവലിലെ മികച്ച ഡോക്യുമെന്ററിയായി രേണു സാവന്ത് സംവിധാനം ചെയ്ത മറാത്തി ഡോക്യുമെന്ററി മിര്യാവര്‍ കഹീ മഹീനെ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള അവാര്‍ഡ് വിജയ സിംഗ് സംവിധാനം ചെയ്ത ഹിന്ദി ചിത്രം അന്ധേരെ മേ നേടി. 50,000 രൂപ വീതമാണ് അവാര്‍ഡ് തുക. മികച്ച പരീക്ഷണ ചിത്രമായി തൃപ്പൂണിത്തുറ സ്വദേശി രവിശങ്കര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഉന്മാദാവത് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രതിരോധ ചിത്രത്തിനുള്ള അവാര്‍ഡ് ഒയിനാം ദോറെന്‍ സംവിധാനം ചെയ്ത മണിപ്പൂരി ചിത്രം തിയറ്റര്‍ ഓഫ് ഏര്‍ത്ത് കരസ്ഥമാക്കി. 25,000 രൂപ വീതമാണ് അവാര്‍ഡ് തുക. മികച്ച മലയാളം ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് ബാബു കാമ്പ്രത്ത് സംവിധാനം ചെയ്ത മദര്‍ ബേഡും മികച്ച മലയാളം ഷോര്‍ട്ട് ഫിലിമിനുള്ള അവാര്‍ഡ് കുഞ്ഞില സംവിധാനം ചെയ്ത ഗിയും നേടി. 10,000 രൂപ വീതമാണ് ഈ വിഭാഗത്തിനുള്ള അവാര്‍ഡ് തുക. സ്വപ്‌നില്‍ രാജശേഖര്‍ സംവിധാനം ചെയ്ത മറാത്തി ഷോര്‍ട്ട് ഫിലിം സാവത്, അവിജിത് മുകുല്‍ കിഷോര്‍, രോഷന്‍ ശിവകുമാര്‍ എന്നിവര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി, നൊസ്റ്റാല്‍ജിയ ഫോര്‍ ദി ഫ്യൂച്ചര്‍ എന്നിവ ജ്യൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. എഫ്എഫ്എസ്‌ഐ വൈസ് പ്രസിഡന്റ് ചെലവൂര്‍ വേണു, സൈന്‍സ് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ എ മീരാ സഹിബ്, ജ്യൂറി അംഗങ്ങളായ മീന ടി പിള്ള, ആര്‍ പി അമുദന്‍ , ചാവറ കള്‍ച്ചറല്‍ സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്  ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it