Flash News

ഫാഷിസത്തിന് മുമ്പില്‍ മുട്ടുമടക്കില്ല : ഇ അബൂബക്കര്‍



തിരുവനന്തപുരം: വലതുകൈയില്‍ സൂര്യനെയും ഇടതുകൈയില്‍ ചന്ദ്രനെയും നല്‍കാമെന്നു പറഞ്ഞാലും ഫാഷിസ്റ്റുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഫാഷിസത്തിനെതിരേ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍. ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയത്തില്‍ തിരുവനന്തപുരത്ത്  പോപുലര്‍ ഫ്രണ്ട്  മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത് സത്യാനന്തര കാലത്തിലൂടെയാണ്. ലോകവും ഇന്ന് ഈ അവസ്ഥയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പല രാഷ്ട്രങ്ങളും യുഎസ്-റഷ്യന്‍ പട്ടാളത്തിന്റെ മുഷ്‌കില്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിനെ അപരത്വമായും മുസ്‌ലിമിനെ അപരന്‍മാരായും ചിത്രീകരിക്കുന്നു. യഹൂദ-ഹിന്ദുത്വ ഭീകരര്‍ ചേര്‍ന്ന് സത്യാനന്തര അച്ചുതണ്ട് രൂപപ്പെടുത്തിയെടുത്തിരിക്കുകയാണ്. അടുത്തകാലത്തായി അഹിംസയുടെ മുട്ടയില്‍ വിരിഞ്ഞ ബുദ്ധമതം വിഷസര്‍പ്പമായി ലോകത്താകമാനം അഭയാര്‍ഥിപ്രളയം സൃഷ്ടിച്ചിരിക്കുന്നു.  സമൂഹമാധ്യമങ്ങളിലൂടെ മുസ്‌ലിം ചെറുപ്പക്കാരെ ചാരന്‍മാരെ ഉപയോഗിച്ച് ഭീകരപ്രസ്ഥാനങ്ങളില്‍ ചേര്‍ക്കുന്നു. ഇതിന് വിസമ്മതിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയുമാണ്. വയ്പുതാടിയും തൊപ്പിയും ഉപയോഗിച്ച് മുസ്‌ലിംകളുടെ പേരില്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നു. ഭീകപ്രവര്‍ത്തനങ്ങള്‍ക്ക് പിടിയിലായ ഹിന്ദുത്വരെ ഓരോരുത്തരായി ജയില്‍മോചിതരാക്കുന്നു. അസത്യം മാത്രം നിറഞ്ഞ പ്രചാരണമാണ് പോപുലര്‍ ഫ്രണ്ടിനെതിരേ നടക്കുന്നത്. ഞങ്ങളെ കേള്‍ക്കാന്‍ ശ്രമിക്കാതെ രാജ്യത്തെ ചില മാധ്യമങ്ങള്‍ ഏകപക്ഷീയമായ വിചാരണയും വിധിപ്രസ്താവവും നടത്തുകയാണ്. 336 കോടിയുടെ ഹവാല ഇടപാട്, ഐഎസ്‌ഐ ബന്ധം, കശ്മീര്‍ റിക്രൂട്ട്‌മെന്റ്, മാറാട് കൂട്ടക്കൊല, ബസ്സ്റ്റാന്റുകളിലെ സ്‌ഫോടനം തുടങ്ങിയ പല ആരോപണങ്ങളുന്നയിച്ചിട്ടും യാതൊരു തെളിവും നിരത്താന്‍ അന്വേഷണസംഘങ്ങള്‍ക്കായില്ല. കാരണം, ഞങ്ങള്‍ക്ക് അതിലൊന്നും യാതൊരു പങ്കുമില്ലായിരുന്നു. ഞങ്ങളുടെ ജീനില്‍ ദേശസ്‌നേഹമുള്ളതുകൊണ്ട് ഐഎസുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല. മുമ്പേ തന്നെ ഞങ്ങള്‍ അവരുടെ വിപത്തിനെ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തിയിട്ടുണ്ട്.  മഹാത്മജിയെ വെടിവച്ചുകൊന്നവരാണ് രാജ്യസ്‌നേഹത്തെക്കുറിച്ച് ചോദിക്കുന്നത്്. ഡോ. ഹാദിയ കേസില്‍ കോടതിയുടെ വിധിയല്ല, മുന്‍വിധിയാണ് വന്നത്. ഇന്ത്യയുടെ ഭരണമിപ്പോള്‍ ഗുജറാത്തിന്റെ കൈകളിലാണ്. സവര്‍ണരും ബ്രാഹ്്മണരുമാണ് ഇന്ത്യ ഭരിക്കുന്നത്. പശുവിനു വേണ്ടിയാണ് അവര്‍ ഭരണം നടത്തുന്നത്. മുസ്‌ലിംകള്‍ ജീവിക്കുന്നത് തന്നെ ആര്‍എസ്എസിനുള്ള വടിയാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്. അങ്ങനെ എങ്കില്‍ ആര്‍എസ്എസിന്റെ കൈയിലെ വടിവാങ്ങിവയ്ക്കാന്‍ പിണറായി വിജയന് കഴിയുമോയെന്ന് ചെയര്‍മാന്‍ ചോദിച്ചു. കുറ്റകൃത്യങ്ങളുടെ പേരില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാണ് എന്‍ഐഎ പറയുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംസ്ഥാനത്ത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തിയ കൊലപാതകങ്ങളുടെ കണക്കുകള്‍ നോക്കിയാല്‍ ആര്‍എസ്എസിനെയും സിപിഎമ്മിനെയുമാണ് നിരോധിക്കേണ്ടണ്ടിവരുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകോപനങ്ങള്‍കൊണ്ട് ഭയപ്പെടുത്താനോ പ്രലോഭനങ്ങള്‍കൊണ്ട് മയപ്പെടുത്താനോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it