Flash News

ഫസല്‍ക്കേസ് തുടരന്വേഷണ വിവാദം - ഡിവൈഎസ് പിമാര്‍ക്കെതിരേ ഭീഷണി : കെ സുരേന്ദ്രനെതിരേ കേസ്‌



കണ്ണൂര്‍: ഫസല്‍ക്കേസ് തുടരന്വേഷണ വിവാദവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിമാരെ ഭീഷണിപ്പെടുത്തിയതിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരേ കേസ്. കണ്ണൂര്‍ ടൗണ്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍, തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം എന്നിവര്‍ക്കെതിരേയാണ് ഫേസ്ബുക്കിലും പ്രസംഗത്തിലും സുരേന്ദ്രന്‍ ഭീഷണി മുഴക്കിയത്. ഡിവൈഎസ്പി സദാനന്ദന്റെ പരാതിയിലാണ് കേസ്. ഇക്കഴിഞ്ഞ പത്തിന് ഫേസ്ബുക്കില്‍ കെ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തത് ഭീഷണിയും പോലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കലുമാണെന്ന് ചൂണ്ടിക്കാട്ടിയാണു പരാതി നല്‍കിയത്. കണ്ണൂരില്‍ ഇതിനു മുമ്പ് നടന്ന പൊതുയോഗത്തില്‍ കെ സുരേന്ദ്രന്‍ നടത്തിയ പ്രസംഗത്തിലും രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഭീഷണിപ്രയോഗം നടത്തിയതായും പരാതിയില്‍ പറയുന്നു. ഫസല്‍ വധക്കേസില്‍ കുറ്റസമ്മതമൊഴിയെന്ന പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴിയെടുത്തത് ഇരു ഡിവൈഎസ്പിമാരുടെയും മര്‍ദനം മൂലമാണെന്ന ആരോപണത്തെ തുടര്‍ന്നാണ് കെ സുരേന്ദ്രന്‍ ഭീഷണി മുഴക്കിയത്. സിപിഎമ്മുകാരായ രണ്ട് പോലിസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിലെ പ്രതികളെ രക്ഷിക്കാനാണ് സിഡി നാടകം ഉണ്ടാക്കിയതെന്നായിരുന്നു ഫേസ്ബുക്കില്‍ കുറിച്ചത്. ഇവര്‍ ചെയ്തത് കുറ്റമല്ലേ. ഇവര്‍ക്കെതിരേ നടപടി ആവശ്യമില്ലേ. എടോ സദാനന്ദാ, പ്രിന്‍സേ നീയൊക്കെ പാര്‍ട്ടിക്കാരന്‍മാരാണെങ്കില്‍ രാജിവച്ചിട്ട് ആ പണിക്ക് പോവണം. സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്‍മാര്‍ തന്നെ. മൈന്‍ഡ് ഇറ്റ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. കേരള പോലിസ് ആക്റ്റിലെ 120(ഒ), 117(ഇ) എന്നീ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ കുറ്റമാണെന്നാണ് ഡിവൈഎസ്പിയുടെ പരാതി.
Next Story

RELATED STORIES

Share it