ഫലസ്തീന്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി പുലര്‍ത്തുന്ന മൗനം ലജ്ജാകരം

കോഴിക്കോട്: ഫലസ്തീന്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുലര്‍ത്തുന്ന മൗനം ലജ്ജാകരമാണെന്നു മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര അയ്യര്‍. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി മുതലക്കുളത്തു സംഘടിപ്പിച്ച ഫലസ്തീന്‍ വിമോചന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യത്തിന്റെ രാപകല്‍’ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനതയും സര്‍ക്കാരും ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കണം. അതാണു നമ്മുടെ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം. 1947 നവംബറില്‍ യുഎന്നില്‍ ഇസ്രയേല്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കാനുള്ള പ്രമേയത്തിനെതിരേ വോട്ട് ചെയ്ത ഏഷ്യയില്‍ നിന്നുള്ള ഏക അറബ് രാഷ്ട്രമായിരുന്നു ഇന്ത്യ. സ്വതന്ത്ര്യം നേടി മൂന്നുമാസം പിന്നിടാത്ത ആ ഘട്ടത്തില്‍ പോലും അധിനിവേശശക്തികളുടെ താല്‍പര്യങ്ങള്‍ക്കെതിരായി ഫലസ്തീന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കാനും അവരുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കാനും നമ്മുടെ രാജ്യത്തിനു സാധിച്ചിരുന്നു. ഫലസ്തീന്‍ അറബികള്‍ക്ക് എന്ന് ആദ്യമായി പറഞ്ഞതു ഗാന്ധിജിയാണ്. നിലവിലെ സര്‍ക്കാരും പ്രധാനമന്ത്രിയും എല്ലാ പരിധികളും ലംഘിച്ച് ഇസ്രയേലുമായി ചങ്ങാത്തം സ്ഥാപിക്കാനാണു നോക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇവിടെ ഭരണാധികാരികളെ തിരുത്താനും രാജ്യത്തിന്റെ പാരമ്പര്യമായുള്ള നിലപാടുകള്‍ നിലനിര്‍ത്താനും നാം സജീവമായി രംഗത്തിറങ്ങണം. നിരാലംബരായ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ ആട്ടിപ്പായിച്ചു കൊണ്ടായിരുന്നു ജൂതരാഷ്ട്രം സ്ഥാപിച്ചത്. ലോകത്തു ജൂതന്മാര്‍ ഏറ്റവും സുരക്ഷിതരായി ജീവിച്ചത് മുസ്‌ലിം ഭരണത്തിനു കീഴിലാണ്. അഭയാര്‍ഥിയാവാതിരിക്കാനുള്ള ഫലസ്തീനികളുടെ പോരാട്ടങ്ങള്‍ വിജയം കാണുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി എം സാലിഹ് അധ്യക്ഷത വഹിച്ചു. ഒ അബ്ദുര്‍റഹ് മാന്‍, എം ഐ അബ്ദുല്‍ അസീസ്, എ പി അബ്ദുല്‍ വഹാബ്, ഹമീദ് വാണിയമ്പലം, പി കെ പാറക്കടവ്, ഡോ. ഹുസയ്ന്‍ മടവൂര്‍, ഡോ. അബ്ദുസ്സലാം വാണിയമ്പലം, ഡോ. എം എച്ച് ഇല്യാസ്, മുജീബുര്‍റഹ്മാന്‍ കിനാലൂര്‍, ഡോ. ജമീല്‍ അഹ്മദ്, സി ദാവൂദ്, മുഹമ്മദ് റജീബ്, സക്കീര്‍ ഹു സയ്ന്‍, എം ഐ അബ്ദുല്‍ മജീദ് സ്വലാഹി, ഡോ. ജാബിര്‍ അമാനി, ഡോ. സാബിര്‍ നവാസ്, ഉമ്മുകുല്‍സും ടീച്ചര്‍, സുഹൈബ് സി ടി, അഫീദ അഹ്മദ്, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, ജില്ലാ പ്രസിഡന്റ് കെ സി അന്‍വര്‍ സംസാരിച്ചു.
ഗസയില്‍ നിന്നുള്ള ടി വി ജേണലിസ്റ്റ് നൂര്‍ ഹറാസീന്‍, ഹമാസ് മുന്‍ വക്താവ് ഇസ്‌റാ അല്‍ മൊദല്ലല്‍ വീഡിയോയിലൂടെ സംസാരിച്ചു. സോളിഡാരിറ്റി പത്രിക മണിശങ്കര അയ്യര്‍ പ്രകാശനം ചെയ്തു.
Next Story

RELATED STORIES

Share it