malappuram local

പ്ലാസ്റ്റിക് വിമുക്ത ബാല്യം പദ്ധതിയുമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്‌

പെരുമ്പടപ്പ്: ഹരിത കേരളം മിഷനുമായി കൈകോര്‍ത്ത് “അതുല്യം പ്ലാസ്റ്റിക് വിമുക്ത ബാല്യം” എന്ന വികസന സ്വപ്‌ന പദ്ധതി നടപ്പിലാക്കുകയാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്.  പദ്ധതി വഴി എല്‍പി വിഭാഗത്തിലുള്ള മൂവായിരത്തിലധികം കുട്ടികള്‍ക്ക് സൗജന്യമായി സ്റ്റീല്‍ കൊണ്ടുള്ള കുപ്പികളും പാത്രവും ലഭിക്കും.
ബ്ലോക്കിന് കീഴിലെ വെളിയങ്കോട്, നന്നമുക്ക്, ആലങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ് എന്നീ പഞ്ചായത്തുകളിലെ 18 സര്‍ക്കാര്‍ സ്‌കൂളുകളിലായാണ് പദ്ധതി നടപ്പാക്കുന്നത്.  കുട്ടികള്‍ക്കിടയിലെ പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുക വഴി ഭാവിയില്‍ പ്ലാസ്റ്റിക് വിമുക്ത സമൂഹത്തെ സൃഷ്ടിക്കുക എന്ന ബൃഹത്തായ ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടമെന്ന നിലയില്‍ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഇതിനായി 10 ലക്ഷം വകയിരുത്തിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റീല്‍ പാത്രങ്ങളും കുപ്പികളും ലഭ്യമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി എം ആറ്റുണ്ണി തങ്ങള്‍ അറിയിച്ചു. വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍പി സ്‌കൂളിലാണ് അതുല്യം പ്ലാസ്റ്റിക് വിമുക്ത ബാല്യം പദ്ധതിയുടെ ഉദ്ഘാടനം.
കൂടാതെ ഫീഷറീസ് ഗവ. യുപി സ്‌കൂളില്‍ അഞ്ച് ലക്ഷം ചിലവഴിച്ച് നിര്‍മിക്കുന്ന പ്രവേശന കവാടവും  അംഗീകൃത മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് സൈക്കിള്‍ വിതരണം പദ്ധതിയും ബ്ലോക്ക് പഞ്ചായത്ത് ഉദ്ഘാടനം ചെയ്യാന്‍ ഒരുങ്ങുകയാണ്. യുപി വിഭാഗത്തില്‍ പ്പെട്ട 100 വിദ്യാര്‍ത്ഥികള്‍ക്കാണ് സൈക്കിള്‍ ലഭിക്കുക. ഇതിനായി അഞ്ച് ലക്ഷമാണ്  ചിലവഴിക്കുന്നത്. വെളിയങ്കോട് ആനകത്ത് ഗവ. ജിഎംയുപി സ്‌കൂളില്‍ അഞ്ച് ലക്ഷം ചിലവഴിച്ച് ആധുനിക സജ്ജീകരണങ്ങളോടെയുള്ള കംപ്യൂട്ടര്‍ ലാബ് പദ്ധതിയും ഇതിനോടകം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയിട്ടുണ്ട്.
2017- 18 വാര്‍ഷിക പദ്ധതി പ്രകാരം 3.19 കോടി രൂപ ചെലവില്‍ 51 പദ്ധതികള്‍ നടപ്പാക്കിയ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലെ മുഴുവന്‍ പദ്ധതികളും നടപ്പിലാക്കുന്ന ജില്ലയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തെന്ന അംഗീകാരം മൂന്നു തവണ കരസ്ഥമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it