Idukki local

പ്ലാസ്റ്റിക് മാലിന്യം; കടലിലെ മല്‍സ്യസമ്പത്ത് കുറയുന്നു

കുമളി: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂലം കടലിലെ മല്‍സ്യസമ്പത്ത് അപകടകരമാംവിധം കുറഞ്ഞുവരികയാണെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. അജി പീറ്റര്‍ (ബ്രൂണല്‍ യൂനിവേഴ്‌സിറ്റി, ലണ്ടന്‍). കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, പെരിയാര്‍ ടൈഗര്‍ റിസര്‍വുമായി ചേര്‍ന്ന് തേക്കടിയില്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഓരോ ദിവസവും കടലിലെത്തുന്നത് 800 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്. ചൂടുള്ള സാധനങ്ങള്‍ പ്ലാസ്റ്റിക്കില്‍ എടുക്കുകയോ പ്ലാസ്റ്റിക് കത്തിക്കുകയോ ചെയ്യരുത്. ഇവയുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാനാകില്ല. ഉപയോഗം കുറയ്ക്കുകയും പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയും വേണം. നിത്യോപയോഗ സാധനങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.
പ്ലാസ്റ്റിക്കില്‍ നിന്ന് ലോകത്തില്‍ പല രാജ്യങ്ങളിലും ഡീസല്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റോഡ് ടാറിങ്ങിന് പ്ലാസ്റ്റിക് ഉപയോഗിക്കാമെന്ന് കേരളത്തില്‍ പലരും പറയാറുണ്ട്. ഇതും അപകടകരമാണ്. ചൂടാകുമ്പോള്‍ മാരകമായ വാതകങ്ങള്‍ അതില്‍ നിന്ന് ഉണ്ടാകുന്നുണ്ട്. പ്ലാസ്റ്റിക് ഓഷ്യന്‍ എന്ന അന്താരാഷ്ട്ര ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ശില്‍പശാല ഇ എസ് ബിജിമോള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോണിക്കുട്ടി ജെ ഒഴുകയില്‍, ഡോ. ഷാജു തോമസ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ വി. കുമാര്‍, കെ ബി സുഭാഷ്, ജോജി ജോര്‍ജ്, ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍ രവീന്ദ്രന്‍, തേക്കടി വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് പി പ്രമോദ് സംസാരിച്ചു.
Next Story

RELATED STORIES

Share it