kannur local

പ്ലാസ്റ്റിക് കാരിബാഗ് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം



കണ്ണൂര്‍: പ്ലാസ്റ്റിക് കാരിബാഗുകളുടെ വില്‍പന തടയാന്‍ പരിശോധനയും നടപടിയും കര്‍ശനമാക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശസ്ഥാപനങ്ങളോട് നിര്‍ദേശിച്ചു. കണ്ണൂര്‍ ജില്ല പ്ലാസറ്റിക് കാരിബാഗ്- ഡിസ്‌പോസിബിള്‍ ഫ്രീ ആയി പ്രഖ്യാപിച്ച ശേഷവും ചിലയിടങ്ങളില്‍ ഇവയുടെ വില്‍പന നടക്കുന്നതായ പരാതിയെ തുടര്‍ന്നാണിത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍ദേശം നല്‍കി. ചില പഞ്ചായത്തുകളില്‍ ഇത്തരം വസ്തുക്കള്‍ യഥേഷ്ടം വില്‍ക്കുന്നതായി പരാതിയുണ്ട്. ഇത് അംഗീകരിക്കാനാവില്ല. കര്‍ശന നടപടിയും പരിശോധനയും ഉണ്ടാവണം. ആവശ്യമെങ്കില്‍ പോലിസിന്റെ സേവനവും  ഉപയോഗപ്പെടുത്തണം. ഇക്കാര്യം ജില്ലാ പോലിസ് മേധാവിയോട് സംസാരിച്ചിട്ടുണ്ടെന്നും ആവശ്യമായ സഹായം നല്‍കാമെന്ന് അദ്ദേഹം സമ്മതിച്ചതായും സുമേഷ് പറഞ്ഞു. 11 തദ്ദേശസ്ഥാപനങ്ങളുടെ 2017-18 വര്‍ഷത്തെ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഇതോടെ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതിക്ക് അംഗീകാരമായി. പദ്ധതി നടത്തിപ്പ് സമയബന്ധിതമായി നിര്‍വഹിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധിക്കണമെന്ന് ചെയര്‍മാന്‍ നിര്‍ദേശിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം തുക ചെലവഴിക്കുന്ന രീതി തുടരാനാവില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ പദ്ധതിനിര്‍വഹണത്തിന് ഓരോ പ്രൊജക്റ്റിനും കൃത്യമായ സമയക്രമം നിശ്ചയിച്ച് ബന്ധപ്പെട്ട സ്റ്റാന്റിങ് കമ്മിറ്റികള്‍ മേല്‍നോട്ടം നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ ഇ പി ലത, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ അജിത് മാട്ടൂല്‍, കെ വി ഗോവിന്ദന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, തദ്ദേശസ്ഥാപന പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it