wayanad local

പ്രശ്‌നപരിഹാരത്തിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി

കല്‍പ്പറ്റ: തൊണ്ടര്‍നാട് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബത്തിന്റെ ഭൂമിപ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചുമതലപ്പെടുത്തി.
പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ റവന്യൂ, പട്ടികവര്‍ഗക്ഷേമ, വനം മന്ത്രിമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും യോഗം ഇന്നലെ ചേര്‍ന്നെങ്കിലും ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് അനുകൂല തീരുമാനമെടുക്കാന്‍ കഴിയുമോയെന്ന് ആലോചിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയത്. പരേതനായ ജോര്‍ജിന്റെ മകളും കുടുംബവും ഇപ്പോള്‍ കലക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹ സമരത്തിലാണ്. ജോര്‍ജിന്റെ കുടുംബത്തിന് പകരം ഭൂമിയും നഷ്ടപരിഹാരവും ജോലിയും ഉള്‍പ്പെടെയുള്ളവ നല്‍കുന്നതായിരിക്കും നല്ലതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ മന്ത്രിസഭാ തീരുമാനം മാത്രം മതിയെന്നും ഈ തീരുമാനത്തിലൂടെ അവര്‍ക്ക് നീതി ലഭിക്കുമെന്നും എല്ലാവരും വാദിച്ചു.
എന്നാല്‍, ഇക്കാര്യം നേരത്തെ തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ ജോര്‍ജിന്റെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നെങ്കിലും അവര്‍ ഇതിനു വഴങ്ങിയില്ലെന്നു ജില്ലാ കലക്ടര്‍ യോഗത്തെ അറിയിച്ചു. ഈ സാഹചര്യത്തില്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ മാനുഷിക പരിഗണന നല്‍കി എന്തെങ്കിലും വിധത്തിലുള്ള അനുകൂല തീരുമാനം ഈ കുടുംബത്തിനു വേണ്ടി കൈക്കൊള്ളാന്‍ കഴിയുമോയെന്ന് ആലോചിക്കുന്നതിനും തീരുമാനിക്കുന്നതിനും വേണ്ടി കലക്ടറെ ചുമതലപ്പെടുത്തുകയാണ് ചെയ്തത്.
സമരം തുടരുന്നതിനിടെ, കുടുംബാംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നവംബര്‍ 30ന് യോഗം നടന്നിരുന്നു. ഇതേ ഭൂമി തന്നെ തിരിച്ചുകിട്ടണമെന്ന ആവശ്യത്തില്‍ കുടുംബാംഗങ്ങള്‍ ഉറച്ചുനിന്നതിനാല്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. നിലവിലുള്ള എല്ലാ കേസുകളും ഒന്നിപ്പിച്ച് ജോര്‍ജിന്റെ കുടുംബത്തിന് അനുകൂലമായി കോടതിയെ സമീപിക്കുന്നതിന് അഡ്വ. ജനറലിന്റെ അഭിപ്രായം തേടുന്നതിനാണ് അന്നു തീരുമാനമെടുത്തത്.
ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ അഡ്വ. ജനറലിന്റെ അഭിപ്രായം തേടി കത്തെഴുതിയിരിക്കുകയാണ്. യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു. റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, പട്ടികവര്‍ഗക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി, ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ഹാഡ വൈസ് ചെയര്‍മാന്‍ എന്‍ ഡി അപ്പച്ചന്‍, പട്ടികവര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, വനംവകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it