Alappuzha local

പ്രവേശനോല്‍സവത്തിനൊരുങ്ങി ജില്ലയിലെ സ്‌കൂളുകള്‍



ആലപ്പുഴ: നനഞ്ഞോടി അക്ഷരമുറ്റത്തേക്കു കയറാനെത്തുന്ന കുട്ടിക്കൂട്ടത്തെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങുന്നു. സ്‌കൂളിന് പുത്തന്‍ പെയിന്റടിച്ചും ചുമരുകളില്‍ വര്‍ണ ചിത്രങ്ങള്‍ തീര്‍ത്തും കുട്ടികളെ കാത്തിരിക്കുകയാണ് സ്‌കൂളുകളും അധ്യാപകരും.  പാഠപുസ്തകങ്ങള്‍ ഇക്കുറി നേരത്തേ തന്നെ സ്‌കൂളുകളില്‍നിന്ന് വിതരണം ചെയ്തിരുന്നു. കൂടാതെ കൈത്തറി യൂണിഫോം എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും എത്തിച്ചുകഴിഞ്ഞു. മെയ് 23 വരെ 9,346 പേര്‍ ജില്ലയില്‍ ഒന്നാംക്ലാസിലേക്ക് പ്രവേശനം നേടിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്‍ അറിയിച്ചു. 4,606 ആണ്‍കുട്ടികളും 4740 പെണ്‍കുട്ടികളും പ്രവശേനം നേടി. കഴിഞ്ഞ വര്‍ഷം 12,874 കുട്ടികളാണ് ഒന്നാംക്ലാസില്‍ പ്രവേശനം നേടിയത്. 6257 ആണ്‍കുട്ടികളും 6617 പെണ്‍കുട്ടികളും. പ്രവേശനം തുടരുന്നതിനാല്‍ എണ്ണം ഇനിയും വര്‍ധിക്കും.  നിലവില്‍ ചേര്‍ത്തല എ.ഇ.ഒ. ഓഫീസിനു കീഴിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഒന്നാംക്ലാസ് പ്രവേശനത്തിനെത്തുന്നത്. 1699 പേര്‍. ആലപ്പുഴയില്‍ 1467 പേരും തുറവൂരില്‍ 1251 പേരും കായംകുളത്ത് 1111 പേരും അമ്പലപ്പുഴയില്‍ 983 പേരും പ്രവേശനം നേടിക്കഴിഞ്ഞു. ഹരിപ്പാട്-553, മാവേലിക്കര-479, ചെങ്ങന്നൂര്‍-369, മങ്കൊമ്പ്-347, തലവടി-285 എന്നിങ്ങനെയാണ് ഒന്നാംക്ലാസ് പ്രവേശനം നേടിയവരുടെ എണ്ണം. ജില്ലയില്‍ കഴിഞ്ഞ അധ്യയനവര്‍ഷം ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ 1,79,164 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. 89,852 ആണ്‍കുട്ടികളും 89,312 പെണ്‍കുട്ടികളും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കഴിഞ്ഞവര്‍ഷം 51,354 പേര്‍ പഠിച്ചപ്പോള്‍ എയ്ഡഡ് മേഖലയില്‍ 1,17,369 പേരും അണ്‍എയ്ഡഡ് മേഖലയില്‍ 10,441 പേരുമാണ് പഠിച്ചത്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം പറവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂണ്‍ ഒന്നിനു രാവിലെ ഒമ്പതിന് പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it