kasaragod local

പ്രവേശനോല്‍സവത്തിനൊരുങ്ങി വിദ്യാലയ തിരുമുറ്റം

തൃക്കരിപ്പൂര്‍: പുസ്തകപ്പൂക്കളില്‍ തേന്‍ കുടിക്കാനെത്തുന്ന ചിത്രപദംഗങ്ങളെ വരവേല്‍ക്കാന്‍ എന്ന പ്രവേശനോല്‍സവഗാനം കേട്ടുകൊണ്ട് സ്‌കൂളിലെത്തുന്ന പൂമ്പാറ്റകളെ വരവേല്‍ക്കാന്‍ ഉദ്യാന വിദ്യാലയങ്ങള്‍ തുറക്കുകയായി. മിക്ക പൊതു വിദ്യാലയങ്ങളും ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരമൊരുക്കി തകൃതിയായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഇത്തവണ നൂറു കുട്ടികള്‍ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കൂലേരി ജിഎല്‍പി സ്‌കൂളില്‍ നടക്കുന്ന ചെറുവത്തൂര്‍ ഉപജില്ലാതല പ്രവേശനോല്‍സവം നാടിന്റെ ഉല്‍സവമാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
നാലുവര്‍ഷം മുമ്പ് 32 വിദ്യാര്‍ഥികള്‍ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ ഈ അധ്യയന വര്‍ഷം 32 കുട്ടികള്‍ ഒന്നാം തരത്തില്‍ നവാഗതരായി കടന്നു വരുന്നതോടെ കുട്ടികളുടെ എണ്ണം 106 ലെത്തി. എംഎല്‍എ, പഞ്ചായത്ത്, സര്‍വശിക്ഷാ അഭിയാന്‍, പൂര്‍വ വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധി മേഖലകളില്‍ നിന്നും ഉദാര സഹായങ്ങള്‍ ലഭ്യമാക്കി സ്‌കൂളിന്റെ മുഖഛായ തന്നെ മാറ്റി.
ക്ലാസ് മുറികളും സ്മാര്‍ട്ടായതോടെ ഐസിടി സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിക്കൊണ്ടാകും പുതിയ അധ്യയന വര്‍ഷ പ്രവര്‍ത്തനങ്ങള്‍. ജൈവവൈവിധ്യ ഉദ്യാനം, സമ്പൂര്‍ണ ക്ലാസ് ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഗണിത ലാബ് തുടങ്ങി അക്കാദമിക മികവ് ലക്ഷ്യമാക്കിക്കൊണ്ടുള്ള എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് രാവിലെ 10ന് എം രാജഗോപാലന്‍ എംഎല്‍എ പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്യും.
പുതുതായി പ്രവേശിക്കുന്ന കുരുന്നുകളെ വരവേല്‍ക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ബിആര്‍സി പ്രവര്‍ത്തകരും പങ്കാളികളായി. ചെറുവത്തൂര്‍ ബിപിഒ കെ നാരായണന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എം പി രാഘവന്‍ അധ്യക്ഷത വഹിച്ചു. പ്രവൃത്തി പരിചയ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പ്രമോദ് അടുത്തിലയുടെ നേതൃത്വത്തിലായിരുന്നു ശില്‍പശാല. പിടിഎ പ്രസിഡന്റ് വി എം ബാബുരാജ്, പരിശീലകരായ പി വേണുഗോപാലന്‍, പി കെ സരോജിനി, പി സ്‌നേഹലത, പ്രവൃത്തി പരിചയ അധ്യാപിക കെ മൃദുല കുമാരി സംസാരിച്ചു.
Next Story

RELATED STORIES

Share it