Kollam Local

പ്രവേശനം തടഞ്ഞ തീരുമാനം പുനപരിശോധിക്കാന്‍ കേന്ദ്രമന്ത്രിയുടെ നിര്‍ദേശം

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജിന്റെ 2018-19 വര്‍ഷത്തെ പ്രവേശനാനുമതി നിഷേധിച്ച മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനവും മുന്‍ ശുപാര്‍ശയും പുനപരിശോധിക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കിയതായി എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി അശ്വനികുമാര്‍ ചൗബേ ലോക്‌സഭയില്‍ അറിയിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ച തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി നല്‍കിയ നിവേദനം ലഭിച്ചതായും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ ജനുവരി ഒമ്പതിന് സംസ്ഥാന സര്‍ക്കാരിന് അവരുടെ ഭാഗം ബോധിപ്പിക്കുന്നതിന് അവസരം നല്‍കി. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചാണ് വാദം കേട്ടത്. എംസിഐ കണ്ടെത്തിയ കുറവുകള്‍ പരിഹരിച്ചതായും അധ്യാപകരുടെ കുറവല്ല റസിഡന്റുകളുടെ കുറവാണ് മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തിയതെന്നും സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചു. ഒരു കോളജിന്റെ അധ്യയനത്തിനു വേണ്ട ഏറ്റവും കുറഞ്ഞ നിലവാരം ഉറപ്പുവരുത്തുന്നതിനും അംഗീകാരം നല്‍കുന്നതിനും എല്ലാ വര്‍ഷവും പരിശോധന നടത്തുന്നത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയമാവലി പ്രകാരമാണെന്നും 2018-19 വര്‍ഷത്തെ നിലവാരം നിര്‍ണയിച്ച് അനുമതി നല്‍കുന്നതിനുള്ള അവസാന തിയ്യതി മേയ് 31 ആണെന്നും മന്ത്രി ലോക്‌സഭയില്‍ ചോദ്യത്തിന് മറുപടി നല്‍കി. റസിഡന്റുകളുടെ 12.7ശതമാനം കുറവ്, പൊതുഅത്യാഹിത വിഭാഗത്തിന്റെയും പ്രസവചികില്‍സയ്ക്കുള്ള അത്യാഹിത വിഭാഗത്തിന്റെയും അഭാവം, നാല് ഓപ്പറേഷന്‍ തിയറ്ററെങ്കിലും പ്രവര്‍ത്തിക്കേണ്ട സ്ഥാനത്ത് രണ്ട് ഓപ്പറേഷന്‍ തിയറ്റര്‍ മാത്രം പ്രവര്‍ത്തിപ്പിക്കുന്നത്, സെപ്റ്റിക് ഓപ്പറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല, ഐസിയു, ഐസിസിയു, പിഐസിയു എന്നിവ പ്രവര്‍ത്തിക്കുന്നില്ല, റേഡിയോ ഡയഗണോസിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കുട്ടികളുടെ വിഭാഗത്തിനുള്ള ഒരു മൊബൈല്‍ എക്‌സ്‌റേ യൂനിറ്റ് മാത്രമെയുള്ളൂവെന്നും പൊതുവിഭാഗത്തിനായി മൊബൈല്‍ എക്‌സ്‌റേ യൂനിറ്റ് ലഭ്യമല്ല, എക്‌സ്‌റേ മെഷീനുകള്‍ക്ക് എഇആര്‍ബി അംഗീകാരമില്ല, ഇടിഒ സ്റ്റെറിലൈസര്‍ ലഭ്യമല്ല, കേള്‍വി സംസാര രോഗചികില്‍സയ്ക്കുള്ള കുറവ്, രോഗികള്‍ക്ക് ആഹാരം നല്‍കാത്തതും അടുക്കള സൗകര്യമൊരുക്കാത്തതും, ഒ പി വിഭാഗത്തിലും കിടത്തി ചികില്‍സാ വിഭാഗത്തിലുമുള്ള കുറവുകള്‍, കേന്ദ്രീകൃത ഫോട്ടോഗ്രാഫി വിഭാഗത്തിലെ ഉപകരണങ്ങളുടെ കുറവ് എന്നിവ കുറവുകളായി എംസിഐ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. 2018-19 അധ്യയന വര്‍ഷത്തെ പ്രവേശനാനുമതി നിഷേധിച്ച മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനം പുനപരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം എംസിഐയ്ക്ക് നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ കോളജിന്റെ അനുമതിക്കായി കുറവുകള്‍ നികത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. കുറവുകള്‍ നികത്തി അത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെയും കേന്ദ്ര സര്‍ക്കാരിനെയും ബോധ്യപ്പെടുത്തുവാനുള്ള നിയമപരമായ ബാധ്യത നിറവേറ്റാന്‍ സര്‍ക്കാരും കോളജ് അധികൃതരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it