Flash News

പ്രവാസി വോട്ടവകാശം : ബില്ല് ശീതകാല സമ്മേളനത്തില്‍



സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്തു നിന്നുതന്നെ ഇന്ത്യയിലെ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കാളിയാവാനുള്ള സൗകര്യം ഒരുക്കുമെന്നും ഇതിനായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഇതിനായി പകരക്കാരനെ ഉപയോഗിച്ച് വോട്ട് ചെയ്യുന്ന (പ്രോക്‌സി വോട്ടിങ്) സംവിധാനം കൊണ്ടുവരുമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അറിയിച്ചു. ജനപ്രാതിനിധ്യ ഭേദഗതി ബില്ല് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇന്നലെ പ്രവാസി വോട്ട് കേസ് പരിഗണിക്കുന്നതിനിടെ ശീതകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുന്നതിനാല്‍ കേസ് ആറു മാസത്തേക്കു നീട്ടിവയ്ക്കണമെന്ന് സര്‍ക്കാരിന്റെ അഭിഭാഷകന്‍ പി കെ ഡേ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കേസ് 12 ആഴ്ചത്തേക്കു നീട്ടുകയായിരുന്നു. 2010ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി പ്രകാരം, പ്രവാസികള്‍ക്ക് ഇന്ത്യയിലെ തങ്ങളുടെ മണ്ഡലത്തില്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും തിരഞ്ഞെടുപ്പു ദിവസം മണ്ഡലത്തിലുണ്ടെങ്കില്‍ വോട്ട് ചെയ്യാനും സാധിക്കും. എന്നാല്‍,  ജോലി ചെയ്യുന്ന നാട്ടിലിരുന്നുതന്നെ രാജ്യത്തെ വോട്ടിങ് പ്രക്രിയയില്‍ ഇടപെടാനുള്ള അവകാശം വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് 2014 മാര്‍ച്ചിലാണ് പ്രവാസി വ്യവസായിയായ ഷംസീര്‍ വയലില്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെ ബ്രിട്ടനിലെ വ്യവസായി നാഗേന്ദര്‍ ചിന്ദം ഉള്‍പ്പെടെയുള്ളവരും കേസില്‍ കക്ഷിചേരുകയായിരുന്നു. ഇലക്ട്രോണിക് തപാല്‍ വോട്ട്, പ്രോക്‌സി വോട്ട് എന്നിവയില്‍ ഏതെങ്കിലും അനുവദിക്കാവുന്നതാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് നിയമം കൊണ്ടുവരേണ്ടതെന്നുമാണ് കേസില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിലപാട് സ്വീകരിച്ചത്. ജൂലൈയില്‍ കേസ് പരിഗണിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള അലംഭാവത്തെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തീരുമാനം അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ വിവരം അറിയിക്കണമെന്നും കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതോടെയാണ് പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് അനുവദിക്കുന്നതിനു നിയമം ഭേദഗതി ചെയ്യാന്‍ ആഗസ്തില്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. ഇക്കാര്യമാണ് സര്‍ക്കാര്‍ ഇന്നലെ കോടതിയെ രേഖാമൂലം അറിയിച്ചത്.
Next Story

RELATED STORIES

Share it